Saturday, 29 October 2016

അഹം ബ്രഹ്മാസ്മി

നമ്മുടെ സാധനാ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പദങ്ങളാണ് "അഹം ബ്രഹ്മാസ്മി", "തത്ത്വമസി" (ഞാൻ ബ്രഹ്മം ആകുന്നു , അത് നീ ആകുന്നു) എന്നിവ. നമ്മൾ പലപ്പോഴും ഈ പദങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് പലപ്പോഴായി പ്രയോഗിക്കാറുമുണ്ട്.

"അഹം ബ്രഹ്മാസ്മി" ആയാലും "തത്ത്വമസി" എന്നതായാലും "ഞാൻ" എന്നതും "അത് " എന്നതും എന്താന്നെന്ന് അറിയണ്ടെ. അത് അറിയാതെ എങ്ങനെ നമുക്ക് ആ സത്യത്തെ അറിയുവാൻ കഴിയും.

സാധകൻ ഞാൻ സാധന ചെയ്ത് എനിക്ക് കഴിവുകൾ അല്ലെങ്കിൽ അറിവ് സിദ്ധിച്ചു എന്ന് ചിന്തിച്ച് പ്രവർത്തിക്കുമ്പോൾ അവനിൽ അഹങ്കാരം ഉണരുന്നു. അപ്പോൾ അവൻ "അതിൽ "നിന്നും അതായത് സത്യത്തിൽ നിന്നും അകലുന്നു. അവൻ മനസ്സിലാക്കി എന്ന് പറയപ്പെടുന്ന അറിവിന്റെ അളവ് വർദ്ധിപ്പിക്കാൻ ശ്രമിക്കും തോറും അവന്റെ അഹങ്കാരം കൂടും.കാരണം അവൻ ചിന്തിക്കുന്നത് എന്റെ കഴിവ് കൊണ്ട് ഞാൻ നേടി എന്നാണ്.

സ്വാഭാവികമായും അവൻ അവന്റെ അറിവ് മറ്റുള്ളവർക്ക് ഉപയോഗപ്പെടട്ടെ എന്ന രീതിയൽ പലരോടും പങ്കുവയ്ക്കുന്നു. അങ്ങനെ സമുഹത്തിൽ ഒരു വ്യത്യസ്ത വീക്ഷണം ഉള്ള ഒരു വ്യക്തിത്ത്വമായി അവൻ മാറ്റപ്പെടുന്നു. ജാതി,മതം,സ്ഥാനം എന്നിവയെ അടിസ്ഥാനമാക്കി സമുഹം അവനെ ''ഗുരു " എന്നോ "ആത്മീയ ആചാര്യൻ " എന്ന തലക്കെട്ടോ ചാർത്തുന്നു. അത് ശരിക്കും അവന്റെ അഹങ്കാരത്തെ ഒന്നും കൂടി ഉറപ്പിക്കുന്നു.

ഈ വിധത്തിൽ ചിന്തിച്ച് ജീവിക്കുന്ന ഒരു വ്യക്തി ഒരിക്കലും തന്റെ കാഴ്ച്ചപ്പാടിൽ നിന്നും മാറി ചിന്തിക്കാൻ തയ്യാറാകില്ല.കാരണം അവൻ ഇപ്പോൾ അനുഭവിക്കുന്ന ആ അഹത്തെ ഇഷ്ടപ്പെടുന്നു. അത് അവന്റെ കണ്ണുകൾക്ക് തിമിരം ബാധിച്ചത് പോലെ സത്യമായതിനെ മറയ്ക്കുന്നു. അവൻ "അഹം ബ്രഹ്മാസ്മി", "തത്ത്വമസി" എന്നീ നിത്യസത്യങ്ങളെ മറന്നു പോകുന്നു.

"ഗുരു " എന്നാൽ ഒരു വ്യക്തിത്വം അല്ല. അജ്ഞാനം അകറ്റുന്നവൻ ആണ് ഗുരു.അജ്ഞാനം അകറ്റണമെങ്കിൽ അദ്ദേഹം ജാതി,മതം,സ്ഥാനം എന്നിവയ്ക്ക് അതീതൻ ആകണം. "ഞാൻ" എന്നതും "അത് " എന്നതും അറിഞ്ഞവൻ ആകണം. അങ്ങനെ അറിഞ്ഞ ഒരാൾക്ക് തന്നിൽ നിന്നും അന്യമായി ഒന്നിനേയും കാണുവാൻ ആകില്ല. അദ്ദേഹം വേദങ്ങളോ മന്ത്രമോ തന്ത്രമോ പഠിപ്പിച്ചെന്നു വരില്ല. ചിലപ്പോൾ പഠിപ്പിക്കാം പഠിപ്പിക്കാതെയുമിരിക്കാം. ഗുരു സത്യത്തെ ആണ് മറ്റൊരാൾക്ക് അനുഭവപ്പെടുത്തി കൊടുക്കാൻ ശ്രമിക്കുന്നത്. "സത്യം" ജാതി മത ആചാരവിചാരങ്ങൾക്കും അപ്പുറമാണ് എന്ന തിരിച്ചറിവ് ഒരു ഗുരുവിന് വളരെ വ്യക്തമായി ഉള്ളതാണ്. കാരണം ഗുരുവും സത്യവും ഭിന്നമല്ല. "അഹം ബ്രഹ്മാസ്മി", "തത്ത്വമസി" എന്നിവ അനുഭവിച്ച് അറിഞ്ഞവനാണ് ഗുരു.

ഒരു സാധകൻ തന്റെ ഗുരുവിനെ ഒരു വ്യക്തിയായി മാത്രം കാണുന്നു എങ്കിൽ അവന് പലപ്പോഴും തന്റെ ഗുരുവിൽ വിശ്വാസം നഷ്ടപ്പെടാം. കാരണം ഗുരു എപ്പോഴും തന്റെ ശിഷ്യന്റെ അഹത്തെ കരിക്കാനുള്ള മാർഗ്ഗങ്ങളായിരിക്കും സ്വീകരിക്കുന്നത്. അത് ചിലപ്പോൾ ഒരു സാധകന് വേദന ഉണ്ടാക്കാം. ആ വേദന അവന്റെ അഹത്തെ തിരിച്ചറിയാനുള്ള ഒരു ഉപാധിയായി അവന് മാറ്റുവാനായാൽ അവൻ ഗുരു പാദത്തിൽ ലയിക്കും മറിച്ചാണെങ്കിൽ അകലും. ഒരു ഗുരുവിനെ മനസ്സിലാക്കുവാൻ ഒരു സാധകൻ ആദ്യം തന്നെ തന്നെ സമർപ്പിക്കക എന്നതാണ് ചെയ്യേണ്ടത്. എങ്കിൽ മാത്രമേ ഗുരുവിന് ശിഷ്യനിൽ പരിവർത്തനമുണ്ടാക്കി അവനെ ഒരു ഉപാധിയായി മാറ്റിക്കൊണ്ട് സത്യത്തെ അനുഭവിപ്പിച്ചു കൊടുക്കാൻ സാധ്യമാവുകയുള്ളു.❤

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment