എല്ലാവരും ശാന്തി തേടുന്നു.
പക്ഷെ ശാന്തി ഒരിക്കലും പുറത്തു നിന്നും ലഭിക്കേണ്ടതല്ലല്ലോ.
നമ്മുടെ അകത്തുണ്ടാകുന്നതല്ലേ ശാന്തി. ?
ശാന്തിയാണ് നമ്മുടെ പ്രകൃതം എന്നാണ് നമ്മുടെ ഋഷീശ്വരന്മാർ പറഞ്ഞിരിക്കുന്നത്. അപ്പോൾ ശാന്തി നേടിയെടുക്കേണ്ടതില്ല. അശാന്തി നീക്കിയാൽ മതി. അപ്പോൾ ശാന്തി അനുഭവപ്പെടും.
എന്തുകൊണ്ടാണ് അശാന്തി അനുഭവപ്പെടുന്നത്?
ഭയമാണത്. എന്താണ് ഭയം?
ആഗ്രഹിച്ചത് കിട്ടാതെ പോകുമോ എന്നതൊരു ഭയം. കിട്ടിയത് നഷ്ടപ്പെടുമോ എന്നത് മറ്റൊരു ഭയം.
ഈ ഭയങ്ങളാണ് അശാന്തി .
ഇവ നീങ്ങണമെങ്കിൽ രണ്ടു വഴികളെയൊള്ളു.
ഒരു വഴി ,തന്നെ സ്നേഹിക്കുന്ന ഒരു പരമ ശക്തിയ്ക്കു എല്ലാം വിട്ടുകൊടുക്കണം. ഈശ്വരൻ ചെയ്യുന്നതെല്ലാം തന്റെ നന്മയ്ക്കു വേണ്ടിയാണെന്നും തനിക്കെന്തെങ്കിലും നഷ്ടപ്പെടുകയാണെങ്കിൽ പോലും അതു് തന്റെ നന്മയ്ക്കു വേണ്ടി ഈശ്വരൻ ചെയ്യുന്നതാണെന്നും ഉറച്ചു വിശ്വസിക്കണം.. കുഞ്ഞ് അമ്മയെ എന്ന പോലെ ഈശ്വരനിൽ അഭയം തേടണം.. അപ്പോൾ ആ വിശ്വാസം അശാന്തിയെ നീക്കും.. നമ്മുടെ സ്വപ്രകൃതമായ ശാന്തി അനുഭവപ്പെടുകയും ചെയ്യും.
രണ്ടാമത്തെ വഴി എന്താണ് ?
ലോകം എന്നത് സത്യമല്ലെന്നും സ്വപ്ന സമാനമാണെന്നും അറിയണം. സ്വപ്നത്തിൽ താൻ എന്ന് അവകാശപ്പെട്ട് നടക്കുന്ന സൂക്ഷ്മ ശരീരം യഥാർത്ഥത്തിൽ ഇല്ലാത്തതാണെന്ന് നമുക്കറിയാം.
അതു പോലെ ജാഗ്രത് സ്വപ്നത്തിൽ താൻ എന്നഭിമാനിക്കുന്ന ശരീരവും യഥാർത്ഥത്തിൽ ഇല്ലാത്തതാണെന്നു് അറിയണം.
എന്റെ ഭ്രമകാഴ്ച മാത്രം !
ആ ശരീരത്തെ അറിയുന്ന ഒരു ബോധം മാത്രമാണ് 'ഞാൻ'.
ഈ സത്യം ഉറച്ചാൽ ശരീരത്തിന്റെ പ്രശ്നങ്ങൾ എന്റെ പ്രശ്നങ്ങൾ അല്ലാതാകും..ലോകത്തിൽ കാണുന്നതെല്ലാം ബോധത്തിലെ ഭ്രമ ദൃശ്യങ്ങളാണെന്നറിയുമ്പോൾ എന്തെങ്കിലും നഷ്ടപ്പെടുന്നതിൽ ദു:ഖം തോന്നില്ല. എന്തെങ്കിലും നേടിയെടുക്കണമെന്നും തോന്നില്ല.
അപ്പോഴും അശാന്തി നീങ്ങി ശാന്തി അനുഭവപ്പെടും.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment