ഭക്തിയെന്നാൽ ഈശ്വരനോടുള്ള സ്നേഹമാണെന്ന് നമുക്കറിയാം. നിരന്തര ഈശ്വര സ്മരണതന്നെയാണ് ഈശ്വരനോടുളള സ്നേഹം. ഇവിടെ ലോകത്തെ മറക്കുന്നു.
ഈ സ്നേഹത്തിന് മൂന്നു ഘട്ടങ്ങളുണ്ട്.
ആദ്യഘട്ടത്തിൽ ഞാൻ നിസ്സാരൻ, ഈശ്വരൻ സർവ്വശക്തൻ എന്ന ഭാവത്തിലാണ് ഭക്തൻ !
ഇവിടെ സ്നേഹത്തിന്റെ ദൃഢതയിൽ ഞാൻ ഈശ്വരന്റെ ദൂതൻ എന്ന ഭാവം എടുക്കുന്നു.
ഇതാണ് ദ്വൈതം. അവിടെ ഈശ്വരനോട് ഭയം കലർന്ന സ്നേഹമാണ്.
രണ്ടാമത്തെ ഘട്ടത്തിൽ, ഈശ്വരൻ പൂർണ്ണൻ ഞാൻ ഈശ്വരന്റെ അംശം എന്ന ഭാവമാണ്. ഇവിടെ ഈശ്വരനോടുള്ള ബന്ധം ശക്തിപ്പെടുന്നു. ശക്തിയിൽ വ്യത്യാസമുണ്ടെങ്കിലും സത്തയിൽ ഈശ്വരനും ഞാനും ഒന്നാണിവിടെ. ഇവിടെ ഈശ്വരൻ എന്റെ പിതാവ്, മാതാവ് എന്നൊക്കെയുള്ള അധികാരം കലർന്ന ഒരു ബന്ധമാണ്. അവിടെ ഭയം നീങ്ങുന്നു. ഈശ്വരൻ തീർച്ചയായും എനിക്കു വേണ്ടതു് ചെയ്യുമെന്ന ഉറപ്പാണുള്ളത്. ഇതു് വിശിഷ്ടാദ്വൈതം.
മൂന്നാമത്തെ ഘട്ടത്തിൽ ഈശ്വരന്റെ പ്രകൃതമറിയുന്നു. ഈശ്വരൻ അഖണ്ഡമായൊരു ബോധമാണെന്നും അതിന് അംശങ്ങളൊന്നുമില്ലെന്നും പലതായി കാണുന്നതെല്ലാം അതു മാത്രമാണെന്നും അറിയുന്നു. തന്റേന്നു കരുതിയിരുന്ന ശരീരവും മനസ്സുമൊന്നും ഈശ്വരഭിന്നമല്ലെന്നും ഈശ്വരൻ മാത്രമെയൊള്ളൂവെന്നും അറിയുന്നു. ഇവിടെ ഞാനില്ല. ഈശ്വരൻ മാത്രമെയൊള്ളു. അഥവാ ഞാൻ തന്നെയാണ് ഈശ്വരൻ. ഇവിടെ ഈശ്വരീയ ഭാവത്തിൽ , പലതായി കാണുന്നതെല്ലാം താൻ തന്നെയെന്നറിയുന്നു. ഇവിടെ ഭയക്കുവാൻ മറ്റാരുമില്ല. ഇത് അദ്വൈതം.
അപ്പോൾ ഒരിക്കലും ദ്വൈതവും വിശിഷ്ടാദ്വൈതവും അദ്വൈതവും പരസ്പര വിരുദ്ധമല്ലെന്നും വളർച്ചയിലെ മൂന്നു പടവുകൾ മാത്രമാണെന്നും ഓർക്കുക.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment