Sunday, 16 October 2016

ജീവാത്മാവും ഈശ്വരനും

സമുദ്രത്തിൽ ഉണ്ടായി , നിലനിന്ന് തമ്മിൽ പോരാടി ഇല്ലാതാകുന്ന തിരമാലകളും ജീവാത്മാക്കളും ഒരു പോലെയല്ലേ?

തീരത്ത് ആഞ്ഞടിച്ച് ക്ഷീണിച്ച് പിന്നീട് അഭയം തേടി ഉൽഭവസ്ഥാനമായ സമുദ്രത്തിലേയ്ക്കു വരുന്ന തിരകളും ഈശ്വരനെ പുറത്തെല്ലാം അന്വേഷിച്ചു ലഭിക്കാതെ അവസാനം തന്നിലേക്കു മടങ്ങുന്ന ജീവാത്മാക്കളും ഒരു പോലെ തന്നെ!

തിരകൾ ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും സമുദ്രത്തിലാണെങ്കിൽ ജീവാത്മാക്കൾ ഈശ്വരനിൽ ജനിച്ച് ജീവിച്ച് ഇല്ലാതാകുന്നു.

തിരകൾ ജലമല്ലാതെ മറ്റെന്താണ്? സമുദ്രവും ജലം മാത്രമാണ്. അതേ പോലെ ജീവാത്മാക്കളും ഈശ്വരനും സച്ചിദാനന്ദം തന്നെയാണ്.

തിരമാലകൾക്കൊക്കെ ആധാരം സമുദ്രമാണെന്നറിഞ്ഞാൽ പിന്നെ മത്സരത്തിനു പ്രസക്തിയില്ലാതാകുന്നതുപോലെ ജീവാത്മാക്കളുടെ പ്രവൃത്തികൾക്ക്‌ ഈശ്വരനാണ് ആധാരമെന്നറിഞ്ഞാൽ മത്സരമൊക്കെ അവസാനിക്കും.

എന്നാൽ ആധാരം ഈശ്വരനാണെന്നു് അറിഞ്ഞതുകൊണ്ടു മാത്രം വലിയ പ്രയോജനമൊന്നുമില്ല. പരമമായ അനുഭവം ലഭിക്കണമെങ്കിൽ ഭേദബുദ്ധി നിശേഷം നശിക്കണം'

തിരയും സമുദ്രവും ജലമാണെന്നറിഞ്ഞാൽ രണ്ടെന്ന ചിന്ത വിട്ടു പോകും.
അതേപോലെ ജീവാത്മാവും ഈശ്വരനും സച്ചിദാനന്ദമാണെന്നറിഞ്ഞാൽ ,അറിയുന്ന നിമിഷം തന്നെ മുക്തനായി നില്ക്കാം .

(ആശയം: അത്മാനന്ദ കൃഷ്ണമേനോൻ അവർകളുടെ ആത്മ ദർശനത്തിൽ നിന്ന് )

No comments:

Post a Comment