ഗുരുകൃപയില്ലാതെ മോക്ഷം സാദ്ധ്യമല്ല.
എന്താണ് ഗുരുകൃപ ?
ഗുരു എല്ലാവരിലും ഒരുപോലെ കൃപ വർഷിക്കുന്നു. ഗുരുകൃപയെന്നാൽ ഒരു വ്യക്തിയുടെ കൃപയല്ല . അത് മഴ പെയ്യും പോലെയാണ്. മഴ പെയ്യുമ്പോൾ രണ്ടു പാത്രങ്ങൾ മുറ്റത്തുണ്ടെന്നു കരുതുക. ഒന്നു കമഴ്ന്നും ഒന്നു നിവർന്നും. മഴ രണ്ടിലും ഒരുപോലെ വർഷിക്കുന്നു. പക്ഷെ നിവർന്നു കിടക്കുന്ന പാത്രത്തിൽ മാത്രം മഴവെള്ളം നിറയുന്നു. ഇതുപോലെയാണ് ഗുരുകൃപയും.
ഷിർദ്ദി ബാബ പറഞ്ഞു "നീ എന്നെ ശ്രദ്ധിക്കുമ്പോൾ ഞാൻ നിന്നേയും ശ്രദ്ധിക്കുന്നു"
ലോകത്തിൽ മുഴുകിയിരിക്കുന്ന ആൾ കമഴ്ന്നു കിടക്കുന്ന പാത്രത്തെ പോലെയാണ്. ഗുരുകൃപ അതിൽ പതിച്ചാലും അത് നഷ്ടപ്പെട്ടു പോകും.
നാമരൂപങ്ങളിൽ മുഴുകിയിരിക്കുന്ന നമ്മൾ അതിന്റെ പശ്ചാത്തലമായ ആത്മാവിനെ (ഗുരുവിനെ) ശ്രദ്ധിക്കുന്നില്ല. ലോകം എവിടെ തെളിയുന്നു എന്ന് ശ്രദ്ധിക്കുന്നതാണ് ആത്മാവിനെ ശ്രദ്ധിക്കുന്നത്. ആത്മാവിനെ ശ്രദ്ധിക്കുമ്പോൾ എല്ലാം നമുക്കുള്ളിൽ തന്നെ വ്യക്തതയാർന്നു വരും. അതു തന്നെയാണ് ഗുരുകൃപ.
അതുകൊണ്ട് ഇപ്പോൾ നാമരൂപങ്ങളിൽ കൊടുത്തിരിക്കുന്ന ശ്രദ്ധ, അതിന്റെ പശ്ചാത്തലമായി നിൽക്കുന്ന ആത്മാവിൽ ആക്കുക മാത്രമാണ് ആവശ്യമായിട്ടുള്ളത്.
അതാണ് ഗുരുഭക്തി.
ഗുരുഭക്തിയുണ്ടാകുമ്പോൾ ഗുരുകൃപയുമുണ്ടാകും.
No comments:
Post a Comment