Sunday, 16 October 2016

വിദ്യാഭ്യാസം

കലാലയങ്ങളിൽ നിന്നും നേടിയ ഔപചാരിക വിദ്യാഭ്യാസവും പുസ്തക ജ്ഞാനവുമാണ് യഥാർത്ഥ വിദ്യാഭ്യാസം എന്നു് ആളുകൾ കരുതുന്നു!
അല്ലാ; അതല്ലാ യഥാർത്ഥ വിദ്യാഭ്യാസം . ആത്മജ്ഞാനമില്ലാത്ത വിദ്യാഭ്യാസം പൂർണ്ണമല്ല.
എന്താണ് ആത്മജ്ഞാനം?
തന്നിലുള്ള ദിവ്യതയെക്കുറിച്ചുള്ള അറിവാണത്.

ഈ ദിവ്യതയെ ബോധം എന്നും പ്രതിപാദിക്കാറുണ്ട്. ഈ ബോധം തന്നിലുള്ളതുകൊണ്ടാണ് (താനായതുകൊണ്ടാണ് ) തനിക്കു ചുറ്റുമുള്ള ലോകത്തെ മനുഷ്യൻ അറിയുന്നത്. എന്നാൽ നിർഭാഗ്യവശാൽ സർവ്വവ്യാപിയായ ഈ ബോധത്തെ മനുഷ്യൻ തിരിച്ചറിയുന്നില്ല.
വാസ്തവത്തിൽ ഈ ബോധമാണ് മനുഷ്യനെ നിലനിർത്തുന്നത്.

താൻ നേടിയ വിദ്യാഭ്യാസവും അറിവും ഈ സത്യം തിരിച്ചറിയുവാൻ അവനെ സഹായിക്കുന്നില്ല. അത്തരം വിദ്യാഭ്യാസത്തെ നിഷേധാത്മകവും കൃത്രിമവും ആയെ കാണാൻ പറ്റൂ. എന്നാൽ ആത്മജ്ഞാനം പ്രയോജനകരമാണ്.

ഈ കൃത്രിമ വിദ്യാഭാസം നേടാൻ ജനങ്ങൾ വിദേശത്തു പോകുന്നു. അതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? പകരം ആത്മജ്ഞാനം നേടുന്നതിനു് എല്ലാവരും യജ്ഞിക്കണം. അതിന് വിദേശത്ത് പോകേണ്ടതില്ല. തന്നെ എപ്പോഴും സംരക്ഷിച്ചു കൊണ്ട് അതു് തന്നിൽതന്നെയുണ്ട്.  (അല്ലെങ്കിൽ അതു താൻ തന്നെയാണ് ). ചിന്തയും വാക്കും പ്രവൃത്തിയും അവിടെ ഒന്നായിത്തീരുന്നു.

താൻ ആരെന്നു് അറിഞ്ഞ ആളാണു് ആത്മജ്ഞാനി. ചുറ്റുമുള്ള ലോകത്തെ അറിയുവാൻ ത്വര കാട്ടുന്നവർക്ക് താൻ ആരെന്ന് അറിയില്ല! ലോകത്തെക്കുറിച്ച് ഒരു വിജ്ഞാനകോശത്തെ പോലെ അറിവു നേടിയവർ തന്നെ അറിയുന്നില്ലെങ്കിൽ എന്തു പ്രയോജനമാണുള്ളത്?

'ഞാൻ ആരാണ്? ' എന്ന അന്വേഷണത്തിലൂടെ സ്വയം അറിയുന്നതാണു് യഥാർത്ഥ വിദ്യാഭ്യാസം

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment