നിങ്ങൾ ഇപ്പോൾ ജനിച്ചിട്ടുണ്ടോ?
പൂർവ്വജന്മങ്ങളെക്കുറിച്ചൊക്കെ സംശയങ്ങൾ ചോദിക്കുന്നവരോട് രമണ ഭഗവാൻ ചോദിക്കാറുണ്ടായിരുന്ന ചോദ്യമാണിത്.
" നിങ്ങൾ ഇപ്പോൾ ജനിച്ചിട്ടുണ്ടോ?"
ഭഗവത് ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഒരു ഭാഗത്ത് പറയുന്നു -
" അർജ്ജുനാ, നീയും ഞാനും പല തവണ ജനിച്ചിട്ടുണ്ട് "
മറ്റൊരു ഭാഗത്തു പറയുന്നു.
"എനിക്ക് ജനനമോ മരണമോ ഇല്ല" .
എന്താണിങ്ങനെ പരസ്പര വിരുദ്ധമായി പറയുന്നത്?
ഇതെല്ലാം പലരേയും അലട്ടാറുള്ള ചോദ്യങ്ങളാണ്.
ആരാണ് ജനിക്കുകയും കർമ്മം ചെയ്യുകയും മരിക്കുകയും ചെയ്യുന്നത്?
ഞാനാണോ ?
ശരീരം ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്. അതു് ഞാനാണോ?
അല്ലെന്ന് ഉറപ്പാണ്.
എന്തുകൊണ്ട്?
ശരീരം ഞാൻ അറിയുന്ന വസ്തു (object) ആണ്. ഞാനോ? അതിനെ അറിയുന്ന ആൾ (Subject) ആണ്.
അതായത് ശരീരം ഞാൻ കാണുന്ന 'ലോകം' എന്ന സ്വപ്നത്തിൽ കാണപ്പെടുന്ന ഒരു കഥാപാത്രം മാത്രമാണ്.
അതു് ഞാനല്ല.
അതു് ജനിക്കട്ടെ, മരിക്കട്ടെ.
അതെന്റെ ജനനമോ മരണമോ അല്ല.
സ്വപ്നത്തിലും നമുക്കീ അബദ്ധം പറ്റാറുണ്ട്. നാം കാണുന്ന സ്വപ്നത്തിലെ ഒരു കഥാപാത്രവുമായി താതാത്മ്യം പ്രാപിക്കും. എന്നിട്ട് അതാണു ഞാനെന്നു കരുതി ഭയ സംഭ്രമങ്ങൾക്ക് ഇരയാകും. ഇല്ലേ? സ്വപ്നത്തിൽ ആന ഓടിച്ചത് നിങ്ങളെയാണോ?.
അല്ലേയല്ല. സ്വപ്നം കാണുന്ന നിങ്ങൾക്ക് അതിലെ ഒരു കഥാപാത്രം ആകുവാൻ കഴിയില്ല.
അതെപോലെ നിങ്ങൾ ഇപ്പോൾ കാണുന്ന ലോക സ്വപ്നത്തിലെ ഒരു കഥാപാത്രം മാത്രമായ ശരീരം നിങ്ങളല്ല.
ശരി. അപ്പോൾ നിങ്ങൾ ഇപ്പോൾ ജനിച്ചിട്ടുണ്ടോ?
ജനനവും മരണവും എല്ലാം നിങ്ങൾ കാണുന്ന "ലോക'സ്വപ്നത്തിലാണ്. ആ സ്വപ്നം കാണുന്ന നിങ്ങൾ ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment