Monday, 24 October 2016

ഭഗവദ്ഗീത( part 01) അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം

ഭഗവദ്ഗീത

അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം

ശ്ലോകം 2

സഞ്ജയന്‍ ഉവാച:

ദൃഷ്ട്വാ തു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത്.

സഞ്ജയന്‍ പറഞ്ഞു:

ദുര്യോധനരാജാവ് അപ്പോള്‍ പാണ്ഡവപ്പട അണിനിരന്നതു കണ്ടിട്ട് ദ്രോണാചാര്യരെ സമീപിച്ചു ഇപ്രകാരം പറഞ്ഞു:

ശ്ലോകം 3

പശ്യതാം പാണ്ഡുപുത്രാണാം
ആചാര്യ, മഹതീം ചമും
വ്യൂഢാം ദ്രുപദപുത്രേണ
തവ ശിഷ്യേണ ധീമതാ

ഹേ ആചാര്യ! ധീമാനും അങ്ങയുടെ ശിഷ്യനുമായ ദ്രുപദപുത്രനാല്‍ (ധൃഷ്ടദ്യുമ്നന്‍) വ്യൂഹം ചമച്ച് നിര്‍ത്തപ്പെട്ട പാണ്ഡവരുടെ ഈ മഹാസേനയെ കണ്ടാലും.

സഞ്ജയന്‍ പറഞ്ഞു:

വിശ്വത്തെ നശിപ്പിക്കുന്ന സമയത്ത് സംഹാരരുദ്രന്‍ തൊള്ളതുറന്നതുപോലെ, പാണ്ഡവസൈന്യങ്ങള്‍ ക്രോധാവേശരായിരിക്കുന്നു. പുറത്തേക്ക് ഉദ്ഗളിക്കുന്ന വിഷം നിയന്ത്രിക്കാന്‍ കഴിയാത്തതുപോലെ പാണ്ഡവസൈന്യം ഇളകിമറിഞ്ഞിരിക്കുന്നു.

സമുദ്രത്തെ നിര്‍ജ്ജലമാക്കിയശേഷം കൊടുങ്കാറ്റില്‍പ്പെട്ട് ആകാശത്തിലേക്കുയരുന്ന ബഡവാഗ്നിപോലെ, അണിയണിയായി വ്യൂഹനം ചെയ്തിരിക്കുന്ന പാണ്ഡവസൈന്യങ്ങള്‍ ഭീകരമായി കാണപ്പെട്ടു. എന്നാല്‍ ആനക്കൂട്ടത്തെ കാണുന്ന സിംഹം അതിനെ അവഗണിക്കുന്നതുപോലെ, ദുര്യോധനന്‍ പാണ്ഡവസൈന്യത്തെ അവഹേളനത്തോടെയാണ് വീക്ഷിച്ചത്. അവന്‍ ഗുരുവായ ദ്രോണാചാര്യരെ സമീപിച്ചുപറഞ്ഞു:

ഗര്‍വ്വിതരായ പാണ്ഡവസൈന്യത്തെ കണ്ടാലും. അതിന്റെ വിവിധ അണികള്‍ ചലിക്കുന്ന പ്രാകാരംപോലെ കാണപ്പെടുന്നു. അങ്ങ് യുദ്ധപരിശീലനം നടത്തി പ്രഗത്ഭനാക്കിയ ധൃഷ്ടദ്യുമ്നന്‍ എത്ര സമര്‍ത്ഥമായിട്ടാണ് ഈ സൈന്യത്തെ കെട്ടിപ്പടുത്തിരിക്കുന്നതെന്നു കണ്ടാലും.

**കടപ്പാട്  ഗുരുപരമ്പരയോട്**

അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം

ശ്ലോകം 4

അത്ര ശൂരാ മഹേഷ്വാസാ
ഭീമാര്‍ജ്ജുനസമാ യുധി
യുയുധാനോ വിരാടശ്ച
ദ്രുപദശ്ച മഹാരഥഃ

ശ്ലോകം 5

ധൃഷ്ട കേതുശ്‍ചേകിതാനഃ
കാശിരാജശ്‍ച വീര്യവാന്‍
പുരുജിത് കുന്തിഭോജശ്‍ച
ശൈബ്യശ്‍ച നരപുംഗവഃ

ശ്ലോകം 6

യുധാമന്യുശ്‍ച വിക്രാന്തഃ
ഉത്തമൗജാശ്‍ച വീര്യവാന്‍
സൗഭദ്രോ ദ്രൗപദേയാശ്‍ച
സര്‍വ ഏവ മഹാരഥാഃ

ആ സേനയില്‍ വലിയ വില്ലാളികളും യുദ്ധത്തില്‍ ഭീമാര്‍ജ്ജുനസമന്‍മാരായ ശൂരന്മാരും ഉണ്ട്. യുയുധാനനനും വിരാടനും മഹാരഥനായ ദ്രുപദനും ധൃഷ്ടകേതുവും ചേകിതാനനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തിഭോജനും നരപുംഗവനായ ശൈബ്യനും വിക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജസ്സും സുഭദ്രാതനയനും ദ്രൗപദീപുത്രന്‍മാരുമുണ്ട്. എല്ലാവരുംതന്നെ മഹാരഥന്‍മാരാകുന്നു.

ആയോധനത്തില്‍ അസാധാരണമായ പാടവവും യുദ്ധകാര്യത്തില്‍ അഗാധമായ പരിചയവും ഉള്ള പലരും ഇവിടെയുണ്ട്.
ഭീമാര്‍ജ്ജുനന്മാരെപ്പോലെയുള്ള ബലവും ശൗര്യവുമുള്ള പോരാളികളുടെ പേരു ഞാന്‍ ആദ്യം പറയാം. മഹായോദ്ധാവായ സാത്യകിയും (യുയുധാനന്‍) വിരാടനും മഹാരഥനായ ദ്രുപദനും ഉണ്ട്. ധൃഷ്ടകേതു, ചേകിതാനനന്‍, ശക്തമായ കാശിരാജാവ്, ഉത്തമൗജസ്; കൂടാതെ ശൈബ്യരാജാവും. യോദ്ധാവായ കുന്തിഭോജന്‍, അതിനുമുന്നില്‍ യുധാമന്യു. പുരുജിത്തിനെയും മറ്റു രാജാക്കന്മാരെയും കാണുക. അര്‍ജ്ജുനന്റെ പ്രതിരൂപവും സുഭദ്രയുടെ പുത്രനുമായ അഭിമന്യുവിനെ ദുര്യോധനന്‍ ദ്രോണാചാര്യന് കാട്ടിക്കൊടുത്തു.

അവന്‍ തുടര്‍ന്നു: ദ്രൗപദിയുടെ വീരപരാക്രമികളായ എല്ലാ പുത്രന്മാരും എണ്ണമില്ലാത്തിടത്തോളം മറ്റുള്ളവരും എത്തിച്ചേര്‍ന്നിട്ടുണ്ട്.

**കടപ്പാട്  ഗുരുപരമ്പരയോട്**

അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം

ശ്ലോകം 7

അസ്മാകം തു വിശിഷ്ടാ യേ
താന്‍ നിബോധ ദ്വിജോത്തമ!
നായകാ മമ സൈന്യസ്യ
സംജ്ഞാര്‍ത്ഥം താന്‍ ബ്രവീമിതേ.

ശ്ലോകം 8

ഭവാന്‍ ഭീഷ്മശ്‍ച കര്‍ണ്ണശ്‍ച
കൃപശ്‍ച സമിതിഞ്ജയഃ
അശ്വത്ഥാമാ വികര്‍ണ്ണശ്‍ച
സൗമദത്തിസ്തഥൈവ ച

ശ്ലോകം 9

അന്യേ ച ബഹവ: ശൂരാ
മദര്‍ത്ഥേ ത്യക്തജീവിതാഃ
നാനാശാസ്ത്ര പ്രഹരണാഃ
സര്‍വേ യുദ്ധ വിശാരദാഃ

നമ്മുടെ സൈന്യത്തില്‍ ഏതെല്ല‍ാം നായകന്മാര്‍ വിശിഷ്ടമായിട്ടുണ്ടോ, അവരെ അറിയാനായി അങ്ങയോടു പറയുന്നു. ഹേ ബ്രാഹ്മണശ്രേഷ്ടാ! അവരെ കേട്ടാലും. ഭഗവാനും ഭീഷ്മരും കര്‍ണ്ണനും യുദ്ധവിജയിയായ കൃപരും, ആശ്വത്ഥാമാവും വികര്‍ണനും അപ്രകാരം തന്നെ സൗമദത്തിയും ഉണ്ട്. എനിക്ക് വേണ്ടി പ്രാണന്‍ കളയാന്‍ ഒരുക്കമുള്ളവരും പല തരത്തിലുള്ള ആയുധങ്ങള്‍ പ്രയോഗിക്കാന്‍ കഴിവുള്ളവരുമായി വേറെയും വളരെ ശൂരന്‍മാര്‍ ഉണ്ട്. എല്ലാവരും യുദ്ധവിശാരദന്‍മാരാകുന്നു.

ഇനിയും നമ്മുടെ സേനയിലുള്ള പ്രമുഖന്മാരായ യോദ്ധാക്കളുടെ പേരുപറയാം. അങ്ങ് ഉള്‍പ്പെടെ നമ്മുടെ കൂട്ടത്തിലുള്ള മുഖ്യരായ ചിലരെപ്പറ്റി ചുരുക്കമായേ ഞാന്‍ പറയുന്നുള്ളൂ. ഇതാ സൂര്യനെപ്പോലെ പ്രഭയും പ്രഭാവവും ഉള്ള ഗംഗാപുത്രനായ ഭീഷ്മനും ആനകള്‍ക്ക് സിംഹം എന്നപോലെ ശത്രുനാശനനായ കര്‍ണ്ണനും; വേണമെന്നു തീരുമാനിച്ചാല്‍ ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ കഴിവുള്ളവരാണ് ഇരുവരും. ഒറ്റയ്ക്ക് തന്നെ ആ കൃത്യം നിര്‍വഹിക്കാന്‍ കഴിവുള്ള കൃപാചാര്യന്‍; ധീരനായ വികര്‍ണ്ണന്‍, മൃത്യുദേവനായ യമന്‍പോലും ഭയപ്പെടുന്ന ആശ്വത്ഥാമാവ്‌; എല്ലാ യുദ്ധങ്ങളും ജയിക്കുന്ന സോമദത്തന്റെ പുത്രനായ ഭൂരിശ്രവസ്സ്.

ബ്രഹ്മദേവനാല്‍പ്പോലും അവരുടെ ശക്തിയും ശൗര്യവും അറിയാന്‍ കഴിയാത്ത മറ്റുപലരും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും പലവിധത്തിലുള്ള ആയുധങ്ങള്‍ പ്രയോഗിക്കാന്‍ നിപുണരും യുദ്ധത്തില്‍ അതിയായ പരിചയമുള്ളവരുമാണ്. അവരെല്ല‍ാം എന്റെ സ്ഥാനം ഹൃദയംഗമമായി അംഗീകരിച്ചിട്ടുണ്ട്.

വിശ്വസ്തയായ ഒരു പത്നി തന്റെ ഭര്‍ത്താവിനെക്കുറിച്ചല്ലാതെ മറ്റാരെപ്പറ്റിയും ചിന്തിക്കാത്തതുപോലെ, ഈ യോദ്ധാക്കളെല്ല‍ാം ഞാന്‍ അവരുടെ എല്ലാമാണെന്ന് വിശ്വസിക്കുന്നു. അവരുടെ കൃത്യനിര്‍വ്വഹണത്തില്‍ എനിക്കുവേണ്ടി ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറുള്ള ധൈര്യശാലികളുംവിശ്വസ്തരുമായ സ്വാമിഭക്തന്‍മാരാണവര്‍. അങ്ങനെ പരാക്രമശാലികളായ യോദ്ധാക്കള്‍ നമ്മുടെ സൈന്യത്തിലുണ്ട്. അവരുടെ സംഖ്യ അസംഖ്യമാണ്.

**കടപ്പാട്  ഗുരുപരമ്പരയോട്**

അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം

ശ്ലോകം 10

അപര്യാപ്തം തദസ്മാകം
ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം
ബലം ഭീമാഭിരക്ഷിതം

ഭീഷ്മരാല്‍ രക്ഷിക്കപ്പെടുന്ന നമ്മുടെ സൈന്യം അളവറ്റതാണ്. ഭീമനാല്‍ രക്ഷിക്കപ്പെടുന്ന അവരുടെ സൈന്യമാകട്ടെ പരിമിതവും ആകുന്നു.

നാം സേനാനായകനായി ഭാരമേല്‍പ്പിക്കുന്നത് ഭീഷ്മരെയാണ്. അദ്ദേഹം യുദ്ധവിദദ്ധന്മാരുടെ മുന്‍നിരയില്‍ നില്ക്കുന്ന വിശ്വജിത്താണ്. അദ്ദേഹത്തിന്റെ ശക്തിപ്രഭാവങ്ങള്‍കൊണ്ട് പിന്താങ്ങപ്പെടുന്ന നമ്മുടെ സേന ഒരു പെരുങ്കോട്ടപോലെ കാണപ്പെടുന്നു. അതിന്റെ മുന്നില്‍‌ മൂന്നു ലോകങ്ങള്‍പോലും ദുര്‍ബ്ബലമാണ്‌. അഗമ്യമായ ആഴിക്ക് ബഡവാനിലന്റെ സഹായം ലഭിക്കുന്നതുപോലെ, ലോക സംഹാരത്തിനുള്ള അഗ്നിയെ കൊടുങ്കാറ്റ് തുണക്കുന്നതുപോലെ, നമ്മുടെ സൈന്യത്തെ നയിക്കുന്നത് അജയ്യനായ ഗംഗാസുതന്‍ ഭീഷ്മരാണ്. അങ്ങനെയുള്ള ഈ സൈന്യത്തെ എതിരിടാന്‍ ആര്‍ക്കാണ് കഴിയുക? നമ്മുടെ സൈന്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാണ്ഡവസൈന്യം നിസ്സാരമായി തോന്നുന്നു. ഇതൊക്കെയാണെങ്കിലും ശക്തനായ ഭീമസേനനാണ് പാണ്ഡവസേനയുടെ പടനായകന്‍.

ഇത്രയും പറഞ്ഞിട്ട് ദുര്യോധനന്‍ നിശബ്ദനായി നിന്നു.

**കടപ്പാട്  ഗുരുപരമ്പരയോട്**

അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം

ശ്ലോകം 11
അയനേഷു ച സര്‍വേഷു
യതാഭാഗമവസ്ഥിതാഃ
ഭീഷ്മമേവാഭിരക്ഷന്തു
ഭവന്ത: സര്‍വ ഏവ ഹി.

അര്‍ത്ഥം:
ആകയാല്‍ നിങ്ങളെല്ലാവരും തന്നെ സ്ഥാനം തെറ്റാതെ നിലയുറപ്പിച്ച് എല്ലാ സ്ഥാനങ്ങളിലും ഭീഷ്മരെത്തന്നെ രക്ഷിക്കണം.

ഭാഷ്യം:
തുടര്‍ന്ന് ദുര്യോധനന്‍ സേനാവിഭാഗങ്ങളിലെ നായകന്മാരോട് പറഞ്ഞു:

നിങ്ങളുടെ കീഴിലുള്ള സൈന്യവിഭാഗത്തെ എപ്പോഴും തയ്യാറാക്കി നിര്‍ത്തണം. നിങ്ങള്‍ സേനാമുഖത്തുനിന്നുകൊണ്ട് മറ്റുള്ളവര്‍ക്ക് അവരവരുടെ ജോലി നിശ്ചയിച്ചു കൊടുക്കുകയും, എല്ലാവരും ഭീഷ്മരുടെ ആജ്ഞ അനുസരിക്കുകയും വേണം.

പിന്നീട്, ദ്രോണരോടായി പറഞ്ഞു: അങ്ങയുടെ ശ്രദ്ധ എല്ലാറ്റിലും പതിയണം. എന്നെപ്പോലെ കരുതി, എപ്പോഴും അങ്ങ് ഭീഷ്മരുടെ തുണയ്ക്ക് ഉണ്ടായിരിക്കണം. എന്തുകൊണ്ടെന്നാല്‍ അദ്ദേഹമാണ് നമ്മുടെ സേനയുടെ ഏക അവലംബം.

**കടപ്പാട്  ഗുരുപരമ്പരയോട്**

അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം

ശ്ലോകം 12
തസ്യ സംജനയന്‍ ഹര്‍ഷം
കുരുവൃദ്ധ: പിതാമഹഃ
സിംഹനാദം വിനദ്യോച്ചൈഃ
ശംഖം ദധ്മൗ പ്രതാപവാന്‍

അര്‍ത്ഥം:
പ്രതാപശാലിയും കുരുവൃദ്ധനുമായ ഭീഷ്മന്‍ ദുര്യോധനനു സന്തോഷം ഉണ്ടാക്കാനായി ഉച്ചത്തില്‍ സിംഹനാദം പുറപ്പെടുവിച്ച് ശംഖുവിളിച്ചു.

ഭാഷ്യം:
ദുര്യോധനന്റെ സംബോധനം കേട്ട്, പ്രതാപശാലിയും കൗരവമുത്തച്ഛനുമായ ഭീഷ്മര്‍ അത്യാനന്ദംപൂണ്ടു. അവന് സന്തോഷം ഉളവാക്കാനായി അദ്ദേഹം സിംഹത്തെപ്പോലെ അലറി. ഈ പോര്‍വിളി ഇരുവിഭാഗം സൈന്യത്തിലും മുഴങ്ങിക്കേട്ടുവെന്നു മാത്രമല്ല, അതിന്റെ പ്രതിധ്വനി പുറത്തേക്കും വ്യാപിച്ചു. ഈ മാറ്റൊലിശബ്ദം ഭീഷ്മരുടെ ശൌര്യത്തെ തട്ടിയുണര്‍ത്തി. അതിന്റെ പ്രചോദനം കൊണ്ട് അദ്ദേഹം തന്റെ ദിവ്യമായ ശംഖ്‌ ഉച്ചത്തില്‍ മുഴക്കി. ഈ രണ്ടു ശബ്ദങ്ങളുംകൂടി യോജിച്ചു ഒന്നുചേര്‍ന്നപ്പോള്‍ മൂന്നു ലോകങ്ങളുടെയും ചെവിടടഞ്ഞു. അംബരം അടര്‍ന്നുവീഴുന്നതുപോലെ തോന്നി. പാരാവാരം പതഞ്ഞു പൊങ്ങി. ആകാശത്ത് മേഘഗര്‍ജ്ജനം ഉണ്ടായി. വിശ്വമാകെ വേപഥുകൊണ്ടു. മലയും ഗുഹകളും ഈ ഗംഭീര ശബ്ദത്തിന്റെ മാറ്റൊലി പുറപ്പെടുവിച്ചു. അതേ സമയത്ത് സൈന്യങ്ങളൊട്ടാകെ വാദ്യസംഗീതം മുഴക്കി.

**കടപ്പാട്  ഗുരുപരമ്പരയോട്**

അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം

ശ്ലോകം 13
തത: ശംഖാശ്‍ച ഭേര്യശ്‍ച
പണവാനകഗോമുഖാഃ
സഹസൈവാഭ്യഹന്യന്ത
സ ശബ്ദസ്തുമുലോഭവത്‌

അര്‍ത്ഥം:
അനന്തരം ശംഖുകളും ഭേരികളും പനവം, ആനവം, ഗോമുഖം, തുടങ്ങിയ വാദ്യങ്ങളും ഉടന്‍തന്നെ മുഴക്കപ്പെട്ടു. ആ ശബ്ദം ഒരു കോലാഹലമായിത്തീര്‍ന്നു.

ഭാഷ്യം:
തുടര്‍ന്ന് ശംഖുകളും പെരുമ്പറകളും മദ്ദളങ്ങളും തപ്പട്ടകളും ഗോമുഖങ്ങളും മുഴക്കപ്പെട്ടു. വിവിധ വാദ്ധ്യാഘോഷം എങ്ങും തിങ്ങിനിറഞ്ഞു. ലോകാവസാനം അടുത്തുവെന്നു തോന്നിപ്പിക്കുമാറ് ഭീകരമായി കേട്ട ഈ ശബ്ദം ധൈര്യശാലികളെപ്പോലും ഭയ വിഹ്വലരാക്കി. ഈ ശബ്ദത്തോടൊപ്പം യോദ്ധാക്കളും ആക്രന്ദനം നടത്തി. ചിലര്‍ ഉച്ചത്തില്‍ കൈകള്‍ കൊട്ടി. ഇതെല്ലം കേട്ട് ആനകള്‍ അനിയന്ത്രിതങ്ങളായി. ബ്രഹ്മദേവന്‍പോലും വ്യാകുല ചിന്തനായി. ലോകാവസാനം വരാന്‍പോകുന്നുവെന്ന് കരുതി മറ്റു ദേവന്മാരും സംഭീതരായി.        (തുടരും)

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment