Sunday, 16 October 2016

സ്വപ്രകൃതം

ഒരു ദിവസം ഒരു താപസൻ ഗംഗയിൽ കുളിക്കുകയായിരുന്നു.  ഗംഗയിൽ ഒരു തേൾ മുങ്ങി താഴുന്നതു അദ്ദേഹം കണ്ടു. ഈശ്വരൻ തന്നെയാണു് തേളിന്റെ രൂപത്തിലുമുള്ളതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആ തേളിനെ രക്ഷിക്കാനായി തന്റെ രണ്ടു കൈകളും കുമ്പിളാക്കി വെള്ളത്തോടെ  കോരിയെടുത്തു.
പക്ഷെ തേൾ ആഞ്ഞു കുത്തിയതോടെ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും  വെള്ളത്തിലേക്കു തന്നെ വീണു; വീണ്ടും അദ്ദേഹം ശ്രമിച്ചതും വീണ്ടും കുത്തുകിട്ടി. പല തവണ ഇതാവർത്തിച്ചു. എങ്കിലും ഒരു വിധത്തിൽ തേളിനെ കരയെക്കത്തിയ്ക്കുന്നതിൽ അദ്ദേഹം വിജയിച്ചു.  ജീവൻ തിരികെ കിട്ടിയ തേൾ സന്തോഷത്തോടെ രക്ഷപ്പെടുകയും ചെയ്തു.

ഇത് നോക്കി നിന്നിരുന്ന ധാരാളം പേർ അദ്ദേഹത്തിന്റെ അനാവശ്യ സാഹസത്തിൽ കളിയാക്കി ചിരിച്ചു. എന്നാൽ അദ്ദേഹം പറഞ്ഞത് തേളിൽ നിന്നും താൻ ഒരു വലിയ പാഠം പഠിച്ചുവെന്നും അതിന് തേളിനോട് നന്ദിയുണ്ടെന്നുമാണ്.

ഒരു സാഹചര്യത്തിലും സ്വപ്രകൃതം ഉപേക്ഷിക്കരുതെന്നത്രെ തേൾ പഠിപ്പിച്ച പാഠം. കുത്തുക എന്ന പ്രകൃതം ജീവൻ നഷ്ടപ്പെടുമ്പോൾ പോലും തേൾ ഉപേക്ഷിച്ചില്ല.

എന്താണ് മനുഷ്യന്റെ പ്രകൃതം?
താൻ , ജലകുമിള പോലെ നശ്വരമായ ഒരു ശരീരമല്ലെന്നറിഞ് തന്നിൽ അന്തർലീനമായിരിക്കുന്ന ജ്ഞാനത്തേയും ആനന്ദത്തേയും കണ്ടെത്തി പ്രകടമാക്കണം . സ്നേഹമാണവനെ നിലനിർത്തുന്നതു്. ശാന്തി ലക്ഷ്യമാക്കിയാണ് അവനെപ്പോഴും നീങ്ങേണ്ടതു്.
ജനനമോ മരണമോ ഇല്ലാത്ത അവനെ അമൃതസ്യ പുത്രനെ 'ന്നാണ് ഉപനിഷത്തുക്കൾ വാഴ്ത്തിയത്.

കടപ്പാട്  ഗുരുപരമ്പരയോട്

No comments:

Post a Comment