Sunday, 16 October 2016

അറിഞ്ഞവന് ഇല്ലാത്തതാണ് മോക്ഷം

എല്ലാ ജഡ ദൃശ്യങ്ങൾക്കുമപ്പുറം നില്ക്കുന്ന ആത്മാവിൽ എന്തു ബന്ധം സംഭവിക്കുവാനാണ്?
ബന്ധമില്ലാത്ത ആത്മാവിന് മോക്ഷമെന്തിന്?
അതെ;ഇല്ലാത്ത മനസ്സാണ് മോക്ഷം വേണമെന്ന് മുറവിളി കൂട്ടുന്നതു്.
അതായത് താൻ ഇപ്പോൾ ബന്ധത്തിലാണെന്നും ഇനി മോക്ഷം നേടിയെടുക്കണമെന്നും ഞാൻ സ്വപ്നം കാണുന്നതാണ്. അസത്യമല്ലെ?

ലോകം ഉണ്ട് എന്നു പറയുകയാണെങ്കിൽ അതൊരു ചിന്തയാണ്. ലോകം ഇല്ല എന്നു പറയുകയാണെങ്കിൽ അതുമൊരു ചിന്തയാണ്. ചിന്തകൾക്കപ്പുറമാണ് സ്വരൂപം.
എന്നാൽ ലോകമുണ്ടെന്നു കരുതി ദൃശ്യവസ്തുക്കളോട് ആസക്തി പുലർത്തുന്നതിനെയാണ് ബന്ധം എന്നു് ജ്ഞാനികൾ സൂചിപ്പിക്കുന്നതു്.
അതു കൊണ്ടാണ് ബന്ധം ഇല്ലാതാക്കുന്നതിനു വേണ്ടി ലോകം ഇല്ലാത്തതാണ് എന്നു പറയുന്നത്. കാലിൽ തറച്ചു കയറിയ ഒരു മുള്ള് മറ്റൊരു മുള്ളു കൊണ്ട് എടുത്തുകളയുന്നതു പോലെയാണത്. മുള്ളെടുത്തു കഴിഞ്ഞാൽ എടുക്കാനുപയോഗിച്ച മുള്ളും കളയണം. അതിനു മുമ്പു് കളഞ്ഞാൽ കാലിൽ തറച്ചിരിയ്ക്കുന്ന മുള്ള് വേദനിപ്പിച്ചു കൊണ്ടിരിക്കും.
പക്ഷെ ബന്ധവും മോക്ഷവും ഒന്നും സത്യത്തിൽ ഇല്ല. സ്വപ്നത്തിൽ ആന കുത്താൻ വരുന്നതു കണ്ട് ഓടുന്നു.പക്ഷെ സ്വപ്നത്തിൽ നിന്നുണരുമ്പോൾ ആനയുമില്ലാ: ഞാനെന്ന പ്രതീതി സൃഷ്ടിച്ച് ഓടിയ സൂക്ഷ്മ രൂപവുമില്ല. ആന വന്നിട്ടുമില്ല: ഞാൻ ഓടിയിട്ടുമില്ല. ഇതിനു സമാനമാണ് ലോക അനുഭവങ്ങളും. അത് ഇല്ലാത്തതാണെന്ന് ബോദ്ധ്യപ്പെടാതെ നിസ്സംഗത കൈവരിക്കുവാൻ കഴിയില്ല.അതുകൊണ്ടാണ് ലോകം ഇല്ലാത്തതാണെന്ന് ആദ്യഘട്ടത്തിൽ ഗുരുക്കന്മാർ പഠിപ്പിക്കുന്നതു്.
നിസ്സംഗത കൈവരിക്കുമ്പോൾ സ്വസ്വരൂപം തെളിയും. അതിനു ശേഷം ലോകം ഉള്ളതാണെന്നോ ഇല്ലാത്തതാണെന്നോ പറയേണ്ട ആവശ്യമില്ല.അനുഭവം ആരോട് പറയാനാണ്? ഏതു് ഭാഷയിൽ?
ഈ അനുഭവം നേടണമെന്നുള്ളവർ ,ഗുരുക്കന്മാർ അവർ സഞ്ചരിച്ച പാതയിലൂടെ കൈ പിടിച്ച് നടത്തുമ്പോൾ വിശ്വാസപൂർവ്വം ഒപ്പം നടക്കുന്നു. ലക്ഷ്യത്തിൽ എത്തുകയും ചെയ്യും.
പുസ്തകം വായിച്ചും പ്രസംഗം കേട്ടും കഴിച്ചത് ദഹിക്കാത്തവർ കുതർക്കങ്ങൾക്കു് വഴിപ്പെടും. അത്തരക്കാരെ കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ ഗുരുക്കന്മാർ നിസ്സഹായരാണ്

**കടപ്പാട്  ഗുരുപരമ്പരയോട് **

No comments:

Post a Comment