എത്രയോ വലിയ സൂര്യനെ മേഘങ്ങൾ മറയ്ക്കുന്നതായി തോന്നുന്നില്ലേ?
അതുപോലെയാണ് ആത്മാവിനെ - ബോധത്തെ - ചിന്തകൾ മറയ്ക്കുന്നത്.
എന്നാൽ സൂര്യനെ സത്യത്തിൽ മേഘങ്ങൾ മറയ്ക്കുന്നു എന്നു പറഞ്ഞു കൂട. മേഘങ്ങളെ കാണുന്നതു തന്നെ സൂര്യവെളിച്ചത്തിൽ ആണല്ലോ.
അതുപോലെ ആത്മാവിനേയും ചിന്തകൾ മറയ്ക്കുന്നില്ല . ആ ചിന്തകളെ അറിയുവാൻ കഴിയുന്നതു് ആത്മാവിന്റെ വെളിച്ചത്തിലല്ലേ?
ശാന്തി , ആനന്ദം എന്നെല്ലാം വിശദീകരിക്കുന്നത് ആത്മാവിന്റെ പ്രകൃതം തന്നെയാണ്. അതെപ്പോഴും ഉണ്ടു്. അതു് ഇനി നേടിയെടുക്കേണ്ടതില്ല. അതിലേക്ക് ശ്രദ്ധ വരണം.
സ്വപ്ന സമാനമായ ലോക ദൃശ്യങ്ങൾ ഉള്ളവയാണെന്നു ഭ്രമിച്ച് , ശ്രദ്ധ മുഴുവൻ ലോക കാര്യങ്ങളിൽ നില്ക്കുമ്പോൾ അത് എവിടെ, ഉണ്ടായി നില നിന്ന് അസ്തമിക്കുന്നു എന്ന് ശ്രദ്ധിക്കപ്പെടുകയില്ല. ആ ഉറവിടം ശ്രദ്ധിച്ചാൽ ലോകം നിലനില്ക്കുന്നത് നിങ്ങളിൽ തന്നെയാണെന്നു കാണാം. ലോകം ഉദിക്കുന്നതു് നിങ്ങളിൽ ആണ്. ആ നിങ്ങൾ ആണ് ആത്മാവ് അഥവാ ബോധം. ആ നിങ്ങളെ തിരിച്ചറിഞ്ഞാൽ ദേഹഭ്രമം വിട്ടൊഴിയും. അതു തന്നെ മോക്ഷം. അപ്പോൾ നിങ്ങളുടെ യഥാർത്ഥ പ്രകൃതമായ ആനന്ദവും അനുഭവപ്പെടും.
നിങ്ങൾ ഒരു ശരീരമാണെന്ന തെറ്റിദ്ധാരണ നീങ്ങുന്നതാണ് മോക്ഷം. അവിടെ പുതിയതായി ഒന്നും നേടിയെടുക്കുവാനില്ല.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment