Monday, 24 October 2016

അമൃതത്വം

എഴുന്നേല്‍ക്കുക, സ്വതന്ത്രരാവുക!
--------------------------------------------------------
സ്വാമി വിവേകാനന്ദന്‍

ആത്മാവ് ദേഹമോ മനസ്സോ അല്ലെന്നു കണ്ടു. അതു സംഘാതമാകാനും വയ്യ. എന്തുകൊണ്ട്? സംഘാതം കാഴ്ചയ്ക്കും ഭാവനയ്ക്കും വിഷയമാണ്. കാഴ്ചയ്ക്കും ഭാവനയ്ക്കും വിഷയമല്ലാത്തത്, നമുക്കു ബന്ധിപ്പാന്‍ കഴിയാത്തത്, ദ്രവ്യമല്ല ശക്തിയുമല്ല, കാരണമല്ല കാര്യവുമല്ല: അതു സംഘാതമാകുവാനും വയ്യ. സംഘാതങ്ങള്‍ക്കു നമ്മുടെ വിചാരലോകത്തിലേ വ്യാപ്തിയുള്ളൂ. അതിനപ്പുറം അവയ്ക്കു പ്രസക്തിയില്ല, നിയമം വാഴുന്നിടത്തേ അതുള്ളൂ.

നിയമത്തെ അതിക്രമിച്ചു വല്ലതുമുണ്ടെങ്കില്‍ അതു സംഘാതമല്ല. ആത്മാവ് നിമിത്തനിയമത്തിനും അപ്പുറത്താകകൊണ്ട് അതു സംഘാതമാവാന്‍ വയ്യ. അതു നിത്യമുക്തവും നിയമപരിധിക്കുള്ളില്‍പ്പെട്ട സര്‍വ്വത്തിന്റെയും നിയന്താവുമത്രേ. അതിനു നാശമില്ല: നാശമെന്നു പറയുന്നതു ഘടകാംശങ്ങളിലേക്കുള്ള പ്രതിപ്രയാണമാണ്. ഘടകാംശങ്ങളില്ലാത്തതിന് നാശമെന്നു പറയുന്നതു ശുദ്ധ അസംബന്ധം.

അത്യന്തസൂക്ഷ്മമായ ഭൂമികയിലാണ് നാമിനി കാല്‍ വെയ്ക്കുന്നത്. നിങ്ങളില്‍ ചിലര്‍ക്കു ഭയവുമുണ്ടായേയ്ക്കാം. ആത്മാവെന്നത് ആകാശപ്രാണമനോമയമായ ഈ ചെറിയ ജഗത്തിന്നതീതമാണ്, അതുകൊണ്ട് ശുദ്ധവസ്തുവാണ്, ആ നിലയില്‍ അതിനു നാശവുമില്ല. ഇത്രയും നാം കണ്ടുവല്ലോ. മരിക്കാത്തതു ജീവിച്ചിരിക്കില്ല. കാരണം,

മൃതിയും ജീവിതവും ഒന്നിന്റെതന്നെ ഇരുവശങ്ങളാണ്. മരണത്തിന്റെ വേറൊരു പേരാണ് ജീവിതം: ജീവിതത്തിന്റേതു മരണവും. സവിശേഷമായ ഒരു പ്രകാശനവിധത്തിനു ജീവിതമെന്നും അതിന്റെതന്നെ മറ്റൊരു വിധത്തിന് മൃതിയെന്നും പറയുന്നു. തിര മീതെ പൊന്തിവരുമ്പോള്‍ ജീവിതമെന്നും, അടിയിലേക്കു വീണു കഴിയുമ്പോള്‍ മൃതിയെന്നും പേര്‍ പറയുന്നു. മൃതിയില്ലാത്തതിനു ജീവിതവുമില്ല.

മനുഷ്യന്റെ ആത്മാവ് ഈശ്വരന്റെ, വിശ്വവ്യാപകചൈതന്യത്തിന്റെ, അംശമാണെന്ന് ആദ്യം പറഞ്ഞത് ഇവിടെ ഓര്‍മ്മവേണം. ആത്മാവ് ജനനമരണാതീതമാണെന്നു കണ്ടുവല്ലോ. നിങ്ങള്‍ ഒരിക്കലും ജനിച്ചിട്ടില്ല, മരിക്കയുമില്ല. എന്നാല്‍ എങ്ങും കാണുന്ന ജനനമരണങ്ങളെന്ത്? അവ ദേഹത്തെ മാത്രം സംബന്ധിച്ചവ. ആത്മാവ് സര്‍വ്വവ്യാപിയാണ്. അതെങ്ങനെ എന്ന് നിങ്ങള്‍ ചോദിക്കുമായിരിക്കാം; “വളരെപ്പേര്‍ ഇവിടെ ഇരിപ്പുണ്ട്. എന്നിട്ടും ആത്മാവ് സര്‍വ്വവ്യാപിയാണെന്നു പറയുന്നു.” അതിനു ഞാന്‍ ചോദിക്കുന്നു, നിമിത്താദിസര്‍വ്വനിയമങ്ങള്‍ക്കും അപ്പുറമുള്ളതിനെ പരിമിതമാക്കുവാന്‍ എന്തുണ്ട്?

ഈ ഗ്ലാസ് പരിമിതമാണ്, അതു സര്‍വ്വവ്യാപിയല്ല: അതിനു ചുറ്റുമുള്ള പദാര്‍ത്ഥങ്ങള്‍ അതിനെ പരിമിതമാക്കി ആ രൂപത്തില്‍ വെച്ചിരിക്കുന്നു: അതിനു വികസിപ്പാന്‍ വഴിയില്ല. ചുറ്റുമുള്ള സര്‍വ്വവും അതിനെ പരിമിതമാക്കുന്നു. എന്നാല്‍ ഒന്നിനും അധീനമല്ലാതെ, ഒരു നിയമവും ബാധിക്കാതെ, കേവലമായിരിക്കുന്നതിനെ പരിമിതമാക്കുവാന്‍ എന്തുണ്ട്? ഒന്നുമില്ല, അതു സര്‍വ്വവ്യാപിയാവണം.

നിങ്ങള്‍ ഈ ജഗത്തു നിറഞ്ഞിരിക്കുന്നു: അതില്‍ എവിടെയും നിങ്ങളുണ്ട്. അപ്പോള്‍ പിന്നെ ഞാന്‍ ജനിച്ചതാണ്, മരിക്കാന്‍ പോകുകയാണ് എന്നൊക്കെ എങ്ങനെ? അതെല്ലാം മൂഢവചനം, ചിത്തഭ്രമം: നിങ്ങള്‍ ജനിച്ചിട്ടില്ല, മരിക്കയുമില്ല. നിങ്ങള്‍ക്കു ജന്‍മമില്ല, പുനര്‍ജന്‍മമില്ല, ജീവിതമില്ല, ശരീരമില്ല, ഒന്നുമില്ല. വരവിനും പോക്കിനും എന്തര്‍ത്ഥം! ആഴമില്ലാത്ത അസംബന്ധം. നിങ്ങള്‍ എവിടെയുമുണ്ട്. പിന്നെ ഈ പോക്കും വരവുമെന്ത്? അങ്ങനെയുണ്ടെന്നു തോന്നുന്നത് മനസ്സെന്ന സൂക്ഷ്മശരീരത്തിന്റെ വികാരംകൊണ്ടാണ്. അതു നടന്നുകൊണ്ടിരിക്കും.

ഒരു മേഘശകലം ആകാശത്തില്‍ പാറുന്നു. അപ്പോള്‍ ആകാശമാണ് പാറുന്നതെന്ന ഒരു ഭ്രാന്തി അതു ജനിപ്പിച്ചേക്കാം. ചന്ദ്രന്റെ മുമ്പില്‍ മേഘം നീങ്ങുമ്പോള്‍ ചന്ദ്രനാണ് നീങ്ങുന്നതെന്നു തോന്നാറുണ്ടല്ലോ. തീവണ്ടി ഓടുമ്പോള്‍ ഭൂമിയാണ് ഓടുന്നതെന്നും, തോണി പായുമ്പോള്‍ വെള്ളമാണ് പായുന്നതെന്നും ഭ്രമമുണ്ടാകാറുണ്ടല്ലോ. വാസ്തവത്തില്‍ നിങ്ങള്‍ വരുന്നില്ല, പോകുന്നില്ല, ജനിക്കുന്നില്ല, മരിക്കുന്നില്ല: നിങ്ങള്‍ അനന്തന്‍, സനാതനന്‍, നിമിത്തനിയമാതീതന്‍, നിത്യമുക്തന്‍. ജനനമരണപ്രശ്‌നമേ അസംബന്ധം. ജനനം ഇല്ലാതിരിക്കെ എങ്ങനെ മരണമുണ്ടാകും?

ഇനി ഈ വിഷയത്തില്‍ ശരിയായ പരിസമാപ്തിയിലെത്തുവാന്‍ ഒരടികൂടി മുമ്പോട്ടു വെയ്ക്കണം. വഴിയില്‍ തങ്ങിനില്‍പ്പാന്‍ താവളമില്ല. നിങ്ങള്‍ തത്ത്വാന്വേഷികളാണ്, തത്ത്വത്തിലെത്തണം: നടുവഴിയ്ക്കു നിന്നുകൂടാ. സര്‍വ്വനിയമങ്ങള്‍ക്കും അപ്പുറത്താണ് നാമെങ്കില്‍ നാം സര്‍വ്വജ്ഞരുമാകണം. എല്ലാ ജ്ഞാനവും ശക്തിയും ആനന്ദവും നമ്മളില്‍ ഉണ്ടാകണം. തീര്‍ച്ചയായും, നിങ്ങള്‍ സര്‍വ്വജ്ഞനും സര്‍വ്വവ്യാപിയുംതന്നെ. എന്നാല്‍ അങ്ങനെയുള്ളവര്‍ ഒന്നിലധികം ഉണ്ടാകുവാന്‍ പറ്റുമോ? അനേകലക്ഷം സര്‍വ്വവ്യാപികളുണ്ടാകുമോ? ഒരിക്കലുമില്ല.
അപ്പോള്‍ നമ്മില്‍ ഓരോരുത്തന്റേയും നിലയെന്ത്? നിങ്ങള്‍ ഏകന്‍, കേവലന്‍: ഏകാത്മാവേ ഉള്ളൂ: അതു നിങ്ങള്‍.

ഈ ക്ഷുദ്രജഗത്തിനു പിമ്പിലുള്ളത് ആത്മാവ്. ഏകമേ സത്തായുള്ളൂ. അത് ആനന്ദമയം, സര്‍വ്വജ്ഞം, സര്‍വ്വവ്യാപി, ജനിമൃതിഹീനം. അതിന്റെ നിയന്ത്രണത്താല്‍ ആകാശം വികസിക്കുന്നു, വായു വീശുന്നു, സൂര്യന്‍ പ്രകാശിക്കുന്നു, സര്‍വ്വവും വര്‍ത്തിക്കുന്നു. ദൃശ്യത്തില്‍ സത്തായുള്ളത് ആത്മാവുമാത്രം. അതു നിങ്ങളുടെ ജീവനില്‍ ജീവനായിരിക്കുന്നു: എന്നു മാത്രമല്ല, അതുതന്നെ നിങ്ങള്‍, ആത്മാവും നിങ്ങളും ഒന്ന്. എവിടെ രണ്ടുണ്ടോ അവിടെ ഭയമുണ്ട്, അപകടമുണ്ട്, തിരക്കുണ്ട്, മല്‍സരമുണ്ട്.

ഏകമാത്രമായി ഇരിക്കുമ്പോള്‍ ആരെ ദ്വേഷിക്കും, ആരോടു മല്‍സരിക്കും, ആരോടു പോര്‍ ചെയ്യും? ഇതത്രേ ജീവന്റെ തത്ത്വം, സത്തയുടെ തത്ത്വം: ഇതത്രേ പൂര്‍ണ്ണത, ഈശ്വരന്‍. അനേകത്തെ ദര്‍ശിക്കുന്നതു ഭ്രമം. “അനേകമായ ഈ ജഗത്തില്‍ ഏകവും നിത്യവികാരവത്തുകളില്‍ നിര്‍വ്വികാരവുമായ ഈശ്വരതത്ത്വത്തെ പരമാത്മാവും സ്വാത്മാവുമായി ദര്‍ശിക്കുന്നവന്‍ മുക്തന്‍, ധന്യന്‍, സിദ്ധന്‍.” അതുകൊണ്ട് നിങ്ങള്‍ ആത്മാവാകുന്നു, ജഗദീശ്വരന്‍തന്നെ, തത് ത്വം അസി എന്നറിയുവിന്‍.

ഞാന്‍ പുരുഷന്‍, ഞാന്‍ സ്ര്തീ, ഞാന്‍ രോഗി, ഞാന്‍ അരോഗി, ഞാന്‍ ബലവാന്‍, ഞാന്‍ ദുര്‍ബ്ബലന്‍, ഞാന്‍ സ്നേഹിക്കുന്നു, ഞാന്‍ ദ്വേഷിക്കുന്നു, എനിക്ക് അല്പം ശക്തിയുണ്ട് എന്നീവിധമുള്ളവ മിഥ്യാഭാവങ്ങളാണെന്നറിയുവിന്‍. അവയെ ദൂരെ ത്യജിപ്പിന്‍. നിങ്ങള്‍ക്കു ബലക്ഷയമുണ്ടാക്കുന്നതെന്ത്? ഭയമുണ്ടാക്കുന്നതെന്ത്? ജഗത്തിലെ ഏകസത്ത നിങ്ങള്‍. നിങ്ങള്‍ എന്തിനെ ഭയപ്പെടുന്നു? എഴുന്നേല്‍ക്കുക, സ്വതന്ത്രരാവുക!

നിങ്ങള്‍ക്കു ദൗര്‍ബ്ബല്യമുണ്ടാക്കുന്ന വിചാരമേതോ, വാക്കേതോ, അതു മാത്രമേ ലോകത്തില്‍ ദുഷ്ടമായിട്ടുള്ളൂ എന്നു മനസ്സിലാക്കുവിന്‍. മനുഷ്യരെ ദുര്‍ബലരും ഭീരുക്കളുമാക്കുന്നതേതോ അതു മാത്രമേ തള്ളേണ്ടതുള്ളൂ എന്നു ധരിപ്പിന്‍. എന്തു നിങ്ങളെ ഭയപ്പെടുത്താന്‍? സൂര്യന്‍മാര്‍ താഴെ വീഴട്ടെ, ചന്ദ്രന്‍മാര്‍ പൊടിഞ്ഞുപോകട്ടെ. ബ്രഹ്മാണ്ഡപരമ്പര വിക്ഷിപ്തവും വിധ്വസ്തവുമാകട്ടെ, അതുകൊണ്ടു നിങ്ങള്‍ക്കെന്ത്? നിങ്ങള്‍ക്കു നാശമില്ല, പാറപോലെ നില്പിന്‍, നിങ്ങള്‍ ആത്മാവ്, ജഗദീശ്വരന്‍. “സച്ചിദാനന്ദസ്വരൂപന്‍, സോഹം” എന്നു ഘോഷിക്കുവിന്‍.

കൂടു പൊളിച്ചു പുറത്തുചാടുന്ന സിംഹത്തെപ്പോലെ ജഗജ്ജാലം ഭേദിച്ചു നിത്യമുക്തരാകുവിന്‍. നിങ്ങളെ എന്തു ഭയപ്പെടുത്താന്‍? എന്തു ബന്ധിക്കാന്‍? അജ്ഞാനം, ഭ്രമം: മറ്റൊന്നുമില്ല. നിങ്ങള്‍ നിത്യശുദ്ധാനന്ദവസ്തു.

നിങ്ങള്‍ പാപികളാണെന്നു പരമവിഡ്ഢികള്‍ നിങ്ങളോടു പറയുന്നു. അതു കേട്ടു വിശ്വസിച്ചു നിങ്ങള്‍ ഒരു മുക്കിലിരുന്നു കരയുന്നു. നിങ്ങള്‍ പാപികളാണെന്നു പറയുന്നതു വിഡ്ഢിത്തം മാത്രമല്ല, ദുഷ്ടതയുമാണ്, പരമദ്രോഹം! നിങ്ങളെല്ലാവരും ഈശ്വരന്‍: ഈശ്വരനെ കണ്ടു മനുഷ്യന്‍ എന്നു വിളിക്കയല്ലേ നിങ്ങള്‍ ചെയ്യുന്നത്? അതുകൊണ്ട് നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍ ആ ബോധത്തില്‍ ഉറച്ചുനില്‍ക്കുക, ജീവിതം ആ കരുവില്‍ വാര്‍ക്കുക. ഒരാള്‍ നിങ്ങളുടെ ഗളച്ഛേദം ചെയ്താല്‍ അരുതെന്നു പറയേണ്ട. അതു ചെയ്യുന്നതു നിങ്ങള്‍തന്നെയാണ്!

നിങ്ങള്‍ ദരിദ്രനു സഹായം ചെയ്യുമ്പോള്‍ അതില്‍ അശേഷം അഭിമാനിക്കാനൊന്നുമില്ല. ജഗത്തു മുഴുവന്‍ നിങ്ങളല്ലേ? നിങ്ങളല്ലാതെ ജഗത്തില്‍ ആരുണ്ട്? ജഗത്തിന് ആത്മാവാണ് നിങ്ങള്‍. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എന്നുവേണ്ട ഏതൊന്ന് എവിടെ പ്രകാശിക്കുന്നുവോ അതെല്ലാം നിങ്ങള്‍. ജഗത്താകെ നിങ്ങള്‍മാത്രം, നിങ്ങള്‍ ആരെ വെറുക്കും? ആരോടു കലഹിക്കും നിങ്ങള്‍ ആത്മാവാണ്, തത് ത്വം അസി എന്നറിയുവിന്‍. ആ ബോധത്തില്‍ അതിന്നനുസരിച്ച് ജീവിക്കുവിന്‍. അതറിഞ്ഞ് ആ രീതിയില്‍ ജീവിക്കുന്നവന്‍ പിന്നെ തമസ്സില്‍ ഉഴലുകയില്ല.

അമൃതത്വം (അമേരിക്കന്‍ പ്രസംഗം)

1 comment:

  1. അംഗം ഹരേ പുളക ഭൂഷണമാശ്രയന്തി
    ഭ്രിംഗ്ഗാഗനേവ മുകുളാഭരണം തമാലം ,
    അംഗീകൃതാഖില വിഭുതിരാപാംഗ ലീല ,
    മാന്‍ഗല്യദാസ്തു മമ മംഗള ദേവതായ.

    മുക്ത മുഹുര്‍വിധാധദാതിവദനെ മുരാരേ ,
    പ്രേമത്രാപ പ്രനിഹിതാനി ഗതഗതാനി
    മാല ദ്രിഷോട മധുകരേവ മഹോത്‌പലേയ ,
    സ നെ സ്രിയം ദിശതു സാഗര സംഭവായ

    ആമീലിതാക്ഷ മധിഗംയ മുദാ മുകുന്ദം
    ആനന്ദകണ്ട മഹി മേഘമന‍ഗ്ഗ തന്ത്രം ,
    ആകെകര സ്ഥിത കനി നിക പഷ്മ നേത്രം ,
    ഭൂത്യൈ ഭവേന്മമ ഭുജംഗ ശയഘനായ

    ബഹ്വന്താരെ മധുജിത ശ്രിതകൌസ്തുഭെ യ ,
    ഹാരവലീവ ഹരി നീല മയി വിഭാതി ,
    കാമപ്രദ ഭഗവതോപി കടാക്ഷ മാല ,
    കല്യാണ മാവഹതു മേ കമലാലയായ


    കാലാംബുതാളി ലളിതോരസി കൈടഭാരെ ,
    ധാരാധരെ സ്ഫുരതി യാ തടിതംഗനേവ
    മാതു സമസ്ത ജഗതാം മഹനീയ മൂര്‍ത്തി ,
    ബദ്രാണി മേ ധിശതു ഭാര്‍ഗവ നന്ദനായ

    പ്രാപ്തം പദം പ്രഥമദത് കലുയത്‌ പ്രഭാവത്,
    മാംഗല്യ ഭാജി മധു മാതിനി മന്മധേന
    മയ്യാപദേത്ത മങ്കര മീക്ഷനാര്‍ത്ഥം
    മന്ദാലസം ച മകരാലയ കന്യകായ .

    വിശ്വമരേന്ദ്ര പദ വിഭ്രമ ദാന ദക്ഷം
    ആനന്ദ ഹേതു രധികം മുറ വിദ്വക്ഷോപി
    ഈഷന്നിഷീതിദദു മയി ക്ഷണമീക്ഷനാര്‍ത്ഥം ,
    ഇന്ദിവരോധര സഹോദര മിന്ദിരായ

    ഇഷ്ട വിശിഷ്ട മത യോപി യയാ ദയാര്‍ദ്ര
    ധ്രിഷ്ട്യ ദ്രവിഷ്ട്ട പപദം സുലഭം ലഭന്തേ ,
    ഋഷ്ടി പ്രഹ്രുഷ്ട കമലോധര ദീപ്തിരിഷ്ടാം
    പുഷ്ടിം കൃഷിഷ്ട മമ പുഷ്കര വിഷ്ടരായ

    ദദ്യാ ദയാനു പവനോപി ദ്രവിണാംബുധാരം
    അസ്മൈന്ന കിഞ്ചിന വിഹംഗ ശിശോ വിഷന്നേ
    ദുഷ്കര്‍മ്മ ഗര്‍മ്മപനീയ പാനീയ ചിരായ ദൂരം ,
    നാരായണ പ്രണയിനേ നയനാം ഭുവാഹാ.

    ഗീര്‍ത്തെവദേതി ഗരുഡ ധ്വജ സുന്ദരീതി ,
    ശാകംഭരീതി ശശി ശേഖര വല്ലഭേതി,
    സൃഷ്ടി സ്ഥിതി പ്രളയ കേലീഷു സംസ്ഥിതാ യ ,
    തസ്യെ നമസ്സ് ത്രിഭുവനെക ഗുരോസ്‌ തരുന്യൈ

    ശ്രുത്യൈ നമോസ്തു ശുഭ കര്‍മ ഫല പ്രസൂത്യൈ ,
    രത്യൈ നമോസ്തു രമണീയ ഗുണാര്‍ന്നവായൈ
    ശക്ത്യൈ നമോസ്തു ശദ പത്ര നികേതനായൈ,
    പുഷ്ടയൈ നമോസ്തു പുരുഷോത്തമ വല്ലഭായൈ.

    നമോസ്തു നാളീഖ നിഭാനനായൈ,
    നമോസ്തു ധുഗ് ദോഗ്ദ്ധധി ജന്മ ഭൂമ്യൈ
    നമോസ്തു സോമാമൃത സോദരായൈ,
    നമോസ്തു നാരായണ വല്ലഭായൈ .

    നമോസ്തു ഹേമാംഭുജ പീടികായൈ,
    നമോസ്തു ഭൂ മണ്ഡല നയികായൈ,
    നമോസ്തു ദേവാതി ദയാ പരായൈ
    നമോസ്തു ശാര്‍ങായുധ വല്ലഭായൈ.

    നമോസ്തു ദേവ്യൈ ഭ്രുഗു നന്ദനായൈ,
    നമോസ്തു വിഷ്ണോരുരസ്തിദായൈ
    നമോസ്തു ലക്ഷ്മ്യൈ കമലാലയായൈ
    നമോസ്തു ദാമോദര വല്ലഭായൈ .

    നമോസ്തു കാന്ത്യൈ കമലേക്ഷനായൈ
    നമോസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ
    നമോസ്തു ദേവാദി ഭിരര്‍ച്ചീതായൈ,
    നമോസ്തു നന്ദാല്മജാ വല്ലഭായൈ .

    സമ്പത് കരാനി സകലേന്ദ്രിയ നന്ദനാനി,
    സാമ്രാജ്യ ദാന വിഭവാനി സരോരുഹാഷി,
    ത്വദ്‌ വന്ദനാനി ദുരിത ഹരനോദ്യദാനി
    മമേവ മതര നിസം കലയന്തു മാന്യേ.

    യത്കടാക്ഷ സമുപാസന വിധി ,
    സേവകസ്യ സകലാര്‍ത്ത സമ്പത്
    സന്തനോധി വചനംഗ മാനസൈ ,
    ത്വാം മുരാരി ഹൃദയേശ്വരീം ഭജേ

    സരസിജ നിലയെ സരോജ ഹസ്തേ ,
    ദവലത മാം ശുക ഗന്ധ മാല്യ ശോഭെ
    ഭഗവതി ഹരി വല്ലഭേ മനോഞ്ഞേ
    ത്രിഭുവന ഭൂതികരി പ്രസീദ മഹ്യെ

    ധിഗ്ഗസ്ഥിഭി കനക കുംഭ മുഖ വസൃഷ്ട ,
    സ്വര്‍വാഹിനി വിമല ചാരു ജലാ പ്ലുതാങ്ങിം ,
    പ്രാതര്‍ നമാമി ജഗതാം ജനനി മശേഷ,
    ലോകാധി നാഥാ ഗ്രഹിനി മമ്രിതാഭി പുത്രീം .

    കമലേ കമലാക്ഷ വല്ലഭേ ത്വം ,
    കരുണ പൂര തരംകി തൈര പാന്ഗൈ,
    അവലോകായ മാമ കിഞ്ചനാനാം,
    പ്രഥമം പത്രമ ക്രിത്രിമം ദയായ

    സ്തുവന്തി യെ സ്തുതി ഭിര മീരന്വാഹം ,
    ത്രയീമയിം ത്രിഭുവന മാതരം രാമാം ,
    ഗുണാധിക ഗുരുതര ഭാഗ്യ ഭാഗിന ,
    ഭവന്തി തേ ഭുവി ബുധ ഭാവിതാശയ .

    ReplyDelete