Sunday, 16 October 2016

അഷ്ടാവക്ര മഹർഷി

അഷ്ടവക്ര ഗീതയിലൂടെ.
അദ്ധ്യായം 1
ശ്ലോകം 1,2

മോക്ഷപ്രാപ്തിയ്ക്കു് ,വൈരാഗ്യസിദ്ധിക്ക്, ജ്ഞന ലാഭത്തിന് താൻ എന്താണ് ചെയ്യേണ്ടതെന്ന ജനകമഹാരാജാവിന്റെ ചോദ്യത്തോടെയാണ് അഷ്ടാവക്രഗീത ആരംഭിക്കന്നത്.

അപ്പോൾ ജനക മഹാരാജാവിനോട് അഷ്ടാവക്ര മഹർഷി പറഞ്ഞു...

മകനെ, നിനക്ക് മോക്ഷമാണോ വേണ്ടത്?എങ്കിൽ നീ വിഷയങ്ങളെ വിഷത്തെ എന്ന പോലെ ത്യജിക്കുവാൻ പഠിക്കണം. എന്നിട്ട് ക്ഷമ, ആർജ്ജവം, ദയ, സംതൃപ്തി, സത്യം ഇവയെ അമൃതം പോലെ സ്വീകരിക്കുകയും വേണം

എന്താണ് വിഷയങ്ങൾ ? 
ഇന്ദ്രീയ വിഷയങ്ങളെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
കണ്ണിന്റെ വിഷയം രൂപം. കാതിന്റെ വിഷയം ശബ്ദം. മൂക്കിന്റെ വിഷയം മണം. നാവിന്റെ വിഷയം രുചി. ത്വക്കിന്റെ വിഷയം സ്പർശം. ഇവയെ വിഷത്തെ എന്ന പോലെ ത്യജിക്കുവാനാണ് അഷ്ടാവക്രൻ ഉപദേശിക്കുന്നത്.

എങ്ങിനെയാണു് വിഷയങ്ങളെ ത്യജിക്കുന്നത്.?
വിഷയങ്ങൾ ഇല്ലാത്തവയാണെന്നു് അറിയുകയാണ് അവയെ ത്യജിക്കൽ.

ഇത്രയും പ്രത്യക്ഷമായി കാണപ്പെടുന്ന ഇന്ദ്രീയ വിഷയങ്ങൾ ഇല്ലാത്തതാണെന്നു കരുതുന്നതെങ്ങിനെ?

അതിനാണല്ലോ ദിവസേന നാം കാണുന്ന സ്വപ്നാനുഭവങ്ങൾ !!

ഞാൻ രാത്രിയിൽ അടച്ചിട്ട മുറിയിൽ കിടന്നുറങ്ങുകയാണ്. പതുക്കെ ഞാൻ ഒരു സ്വപ്നാനുഭവത്തിലേയ്ക്ക് വഴുതി വീഴുന്നു. ഞാൻ ഒരു കാട്ടിലാണിപ്പോൾ. ഒരു ആന എന്നെ ആക്രമിക്കവാനായി ഓടി അടുക്കുകയാണ്. ഞാൻ ജീവനും കൊണ്ട് പായുന്നു. ആന തൊട്ടു പുറകെയും. ആന തുമ്പികൈ കൊണ്ട് എന്നെ പിടിച്ചു എന്നായപ്പോൾ അലറിക്കരഞ്ഞുകൊണ്ട് ഞാൻ ഉണർന്നു.

അപ്പോൾ കാടില്ല. ആനയില്ല. ഞാൻ എന്ന പ്രതീതി സൃഷ്ടിച്ച് ഓടിയിരുന്ന രൂപമില്ല. ആനയുടെ ചിഹ്നം വിളിയില്ല. ഉള്ളത് അടച്ചിട്ട മുറിയിൽ ഉറങ്ങികിടന്നിരുന്ന ഞാൻ മാത്രം.

ഞെട്ടിഉണർന്ന ഞാൻ പരിഭ്രമത്തിൽ നിന്നും പതുക്കെ മുക്തി നേടുമ്പോൾ ഒരു നെടുവീർപ്പോടെ ആശ്വസിക്കുന്നു; ഓ! സ്വപ്നമായിരുന്നു.!

ഈ ഇല്ലാത്ത കാഴ്ചകളെയെല്ലാം ഉണ്ടാക്കി കാണിച്ചത് മനസ്സിന്റെ ഒരു ജാലവിദ്യയായിരുന്നുവെന്നു് എല്ലാവർക്കും അറിയാം.
എന്നാൽ ജാഗ്രത്ത് എന്ന പേരിൽ മനസ്സ് ഇതേ ജാലവിദ്യ കാണിക്കുമ്പോൾ അതെല്ലാം സത്യമെന്ന് ഞാൻ ഭ്രമിക്കുന്നു.

സ്വപ്നത്തിൽ കാടും മരങ്ങളും ആനയും സൃഷ്ടിച്ച മനസ്സ് ജാഗ്രത്തിലും അനേക നാമരൂപങ്ങളെ സൃഷ്ടിച്ചു കാണിക്കുന്നു.

സ്വപ്നത്തിൽ ഞാൻ എന്ന പ്രതീതി സൃഷ്ടിച്ച് ഒരു സൂക്ഷ്മരൂപം ഓടി നടന്നല്ലോ. ഇപ്പോഴും ഞാൻ എന്ന പ്രതീതി സൃഷ്ടിച്ച് ഒരു നാമരൂപം - നമ്മുടെ ശരീരം - ഈ ജാഗ്രത് സ്വപ്നത്തിൽ ഓടി നടക്കുന്നു.

ഈ ശരീരത്തിലെ ഇന്ദ്രിയങ്ങളുടെ വിഷയങ്ങളാണു് രൂപവും ശബ്ദവും സ്പർശവും ഗന്ധവും രുചിയുമെല്ലാം. അവയാണ് ഈ സ്ഥൂല ലോകത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നത്. സത്യത്തിൽ ശരീരവും മറ്റു വിഷയങ്ങളും ഞാൻ കാണുന്ന സ്വപ്ന സമാനമായ ഒരു അനുഭവമാണ്.
അതായത് ലോകമെന്ന സ്വപ്നം ഞാൻ കാണുന്നതാണ് .
ശരീരം ആ സ്വപ്നത്തിനകത്താണ്.
ഞാൻ അറിയുന്ന സ്വപ്നത്തിലെ ശരീരം ഞാനാകാൻ കഴിയുമോ?
അപ്പോൾ ശരീരമല്ലാ ഞാൻ !!

അതവിടെ നിൽക്കട്ടെ. നമുക്കത് വിശദമായി നോക്കാം.
ഞാൻ പറഞ്ഞു വന്നത് ലോകവും സ്വപ്ന സമാനമാണെന്നറിഞ്ഞു്, ഉണർന്നപ്പോൾ സ്വപ്നം സത്യമല്ലെന്നറിഞ്ഞതുപോലെ ഈ ജ്ഞാനം ലഭിക്കുന്നതോടെ ലോകവും സത്യമല്ലെന്നറിയണമെന്നാണ്.

സ്വപ്നത്തിലെ കാഴചകളൊക്കെ 'മനസ്സ് സൃഷ്ടിക്കുന്നതാണു്. ലോക കാഴചകളും മനസ്സു സൃഷ്ടിക്കുന്ന ഭ്രമം മാത്രം.
ഇതാണ് അഷ്ടാവക്ര മഹർഷി വിഷയങ്ങളെ ത്യജിക്കുവാൻ ആവശ്യപ്പെടുന്നത്. വിഷയ ത്യാഗം എന്നാൽ വിഷയങ്ങൾ ഇല്ലാത്തതാണെന്ന അറിവാണ്. അതു മൂലം വിഷയങ്ങളോടുണ്ടാകുന്ന തല്പര്യമില്ലായ്മയാണ്. ഈ താല്പര്യമില്ലായ്മയാണ് വിരക്തി അഥവാ വൈരാഗ്യം.
ഈ വൈരാഗ്യം തന്നെ ജ്ഞാനവും.

അപ്പോൾ അഷ്ടാവക്ര മുനി ക്ഷമ, ആർജ്ജവം, ദയ, സംതൃപ്തി, സത്യം ഇവ ശീലിക്കുവാൻ പറഞ്ഞതെന്തിന്?

ഞാൻ ശരീരമെന്ന തോന്നലിൽ നിന്നുമാണ് വിഷയങ്ങളോട് ആസക്തിയുണ്ടാകുന്നത്. ഞാൻ ശരീരമല്ലെന്ന് അറിയുമ്പോൾ ആസക്തി ഇല്ലാതെയാകും. അങ്ങിനെ വൈരാഗ്യമുണ്ടാകുമ്പോൾ ജ്ഞാനംതെളിയും. വിഷയങ്ങളായി കാണുന്നതെല്ലും വിഷയങ്ങളല്ലെന്നും ഞാൻ തന്നെയാണെന്നും അനുഭവിക്കും. ക്ഷമ, ആർജ്ജവം, ദയ, സംതൃപ്തി, സത്യം ഇവയെല്ലാം പ്രകടമാകും. ഈ ഗുണങ്ങൾ ശീലിക്കുന്നത് ആത്മജ്ഞാനം തെളിയുന്നതിനും സഹായകമാകും. അതിനാലാണ് മഹർഷി മേൽപ്രകാരം ഉപദേശിക്കുന്നത്. തുടർന്നുള്ള ഉപദേശങ്ങൾ ഇതു് കൂടുതൽ വ്യക്തമാക്കും.

അഷ്ടവക്ര ഗീതയിലൂടെ.
അദ്ധ്യായം 1 , ശ്ലോകം 3.4

അഷ്ടാവക്ര മഹർഷി തുടർന്നു -"ദേഹത്തിന്റെ ഘടകങ്ങളായ ഭൂമി, ജലം, അഗ്നി ,വായു,ആകാശം എന്നീ പഞ്ചഭുതങ്ങൾ ഒന്നും നീ അല്ല. ഭൗതീക ദേഹവുമായി നിനക്കൊരു ബന്ധവുമില്ല. ദേഹസാക്ഷിയായ ബോധസ്വരുപനാണ് നീ എന്നു് അറിഞ്ഞാലും. അതാണ് മുക്തിയ്ക്കുള്ള മാർഗ്ഗം.

വിഷയമായ ദേഹവും സാക്ഷിയും കൂട്ടിച്ചേർന്നതാണു് തന്റെ സ്വരൂപമെന്ന് മനുഷ്യർ തെറ്റിദ്ധരിക്കുന്നു. ഈ തെറ്റിദ്ധാരണ നീക്കി സ്വസ്വരൂപമായ ബോധത്തിൽ നിന്നും വിഷയമായ ശരീരത്തെ വേർപെടുത്തി കാണണം. താൻ സാക്ഷിയാണെന്നും ശരീരം തന്റെ വിഷയമാണെന്നും അറിയണം. ലോകത്തിൽ കാണുന്ന മറ്റു നാമരൂപങ്ങളോടു തനിക്കുള്ള ബന്ധം മാത്രമെ ശരീരത്തോടുമൊള്ളുവെന്ന് മനസ്സിലാക്കി സാക്ഷിയായ ബോധമായി നില്ക്കുകയാണെങ്കിൽ നീ ഇപ്പോൾ തന്നെ ബന്ധമുക്തനും ശാന്തനും സുഖിയും ആയിത്തീരുന്നതാണ്."

ഓർമ്മ വെച്ച നാൾ മുതൽ ഞാൻ ശരീരമാണ് എന്ന തോന്നലിലാണ് നാമെല്ലാം ജീവിച്ചു വന്നത്. എന്നാൽ പല സമയത്തും ഇതിനു വിരുദ്ധമായ രീതിയിലും നാം ആശയ പ്രകാശനം നടത്താറുണ്ട്. ഉദാഹരണത്തിനു് പലപ്പോഴും നാം എന്റെ ദേഹം എന്നു പറയാറുണ്ട്. എന്റെ ദേഹം എന്നു പറയുമ്പോൾ ഞാൻ ദേഹമല്ലെന്നും ദേഹം എന്റെയാണെന്നുമാണല്ലോ അർത്ഥം.

മറ്റുള്ളവരോടെല്ലാം കണ്ടയുടനെ നിങ്ങളാരാണെന്നു് ചോദിക്കുന്ന നമ്മൾ സ്വയം ആരാണെന്ന് മനസ്സിലാക്കിയിട്ടില്ലായെന്നത് കൗതുകകരമാണ്.

ഞാൻ ആരാണ് എന്നതിൽ നമുക്കു നല്ല വ്യക്തതയില്ല. ഉദാഹരണത്തിന്റ് ചില സമയത്ത് നാം 'ഞാൻ കണ്ടു, ഞാൻ കേട്ടു, എന്നെല്ലാം പറയുമ്പോൾ നാം ആ ഇന്ദ്രിയങ്ങളാണെന്നു് തോന്നും. മറ്റു ചിലപ്പോൾ ശരീരത്തെ മൊത്തത്തിലെടുത്തും ഞാൻ എന്നു പറയാറുണ്ട്. ഞാൻ അമേരിക്കയിൽ പോയി, ഞാൻ ആ ചടങ്ങിൽ പങ്കെടുത്തുവെന്നെല്ലാം പറയുമ്പോൾ അങ്ങിനെയാണല്ലോ സൂചിപ്പിക്കുന്നത്.

മറ്റു ചിലപ്പോൾ ഞാൻ ദു:ഖിച്ചു, സന്തോഷിച്ചു എന്നെല്ലാം പറയുമ്പോൾ നാം മനസ്സായി മാറും. ഞാൻ ശരിയും തെറ്റുമെല്ലാം വിവേചിച്ചറിയുമ്പോൾ ബുദ്ധിയായി മാറുന്നു.

അപ്പോൾ ഞാനാരാണ്? ശരീരമോ? മനസ്സോ? ബുദ്ധിയോ? അതോ അഹങ്കാരമോ?നാം ഇതെല്ലാം കൂടിയതല്ലേ എന്ന് സംശയിക്കുന്നവരുമുണ്ട്.

എന്നാൽ നമ്മുടെ ശാസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന ദൃശ്യ- ദൃക്ക് വിവേകം ഉപയോഗിക്കുമ്പോൾ നാം ഇതൊന്നുമല്ല എന്ന് എളുപ്പം മനസ്സിലാകും. ഞാൻ ആരാണെന്ന് ബുദ്ധി ഉപയോഗിച്ച് അറിയാൻ കഴിയില്ലെങ്കിലും ഞാൻ ആരല്ലായെന്ന് മനസ്സിലാകും .ഉദാഹരണത്തിനു് ഒരു വസ്തുവിനെ ഞാൻ അറിയുന്നുവെന്നു പറയുമ്പോൾ അത് അറിയപ്പെട്ട വസ്തുവും ( Object) ഞാൻ, അറിയുന്ന ആളും (Subject) ആണ്. അറിയുന്ന ആൾക്ക് അറിയപ്പെട്ട വസ്തു ആകുവാൻ കഴിയില്ല. ലോകത്തിൽ, നമ്മുടെ ശരീരമടക്കം , എല്ലാം അറിയപ്പെട്ട വസ്തുക്കളാണ്. ലോകത്തിൽ കാണുന്ന ഒരു സ്ഥൂല രൂപവും ഞാൻ അല്ല. അപ്പോൾ ശരീരം ഞാനല്ലെന്നും ഞാൻ ശരീരത്തെ അറിയുന്ന ആൾ മാത്രമാണെന്നും വ്യക്തമായി.

ഞാൻ വെറും സാക്ഷി. ശരീരവും ഇതര ലോകവസ്തുക്കളും തമ്മിൽ എനിക്ക് ഒരു വ്യത്യാസവും ഇല്ല. ഇതാണ് തന്നിൽ നിന്നും വേറിട്ട വിഷയമായി ശരീരത്തെ കണ്ടിട്ട് സാക്ഷിയായി നില്ക്കുവാൻ അഷ്ടാവക്ര മഹർഷി നിർദ്ദേശിക്കുന്നത്.

അപ്പോൾ ഞാൻ ശരീരമല്ല. പിന്നെ ആരാണ്?മനസ്സാണോ?എന്താണ് മനസ്സ് ?

ചിന്തകളുടെ കൂട്ടമല്ലാതെ മറ്റൊന്നുമല്ലാ മനസ്സ്. ഈ ചിന്തകളെയെല്ലാം നാം അറിയുന്നുണ്ടല്ലോ. അപ്പോൾ മനസ്സും അറിയപ്പെട്ടത് (object ) തന്നെ. ഞാനോ? അറിയുന്ന ആളും. അപ്പോൾ മനസ്സും ഞാനല്ല.

ബുദ്ധിയോ? ബുദ്ധിയും അഹങ്കാരവുമെല്ലാം അറിയപ്പെട്ടവയാണ്. അവയെയെല്ലാം അറിഞ്ഞു കൊണ്ട് ഞാൻ ' അവക്കെല്ലാം സാക്ഷിയായി നിൽക്കുന്നു.

അതുകൊണ്ട് ഞാൻ അറിവ് (ബോധം) ആണെന്ന് വ്യക്തമാണ്. ഇങ്ങനെ ബോധമായി നില്ക്കുവാൻ സാധിച്ചാൽ ആ നിമിഷം നമുക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ശരീരത്തിന്റേയും മനസ്സിന്റേയും പ്രശ്നങ്ങൾക്കും ഞാൻ സാക്ഷി മാത്രമാണെന്നും മനസ്സിലാകും.

ഞാനാകുന്ന അറിവിൽ, സ്വപ്ന സമാനമായി ഉയർന്നു വരുന്ന ഒരു ഭ്രമത്തിലാണ്, ലോകവും മനസ്സും ബുദ്ധിയുമെല്ലാം തെളിയുന്നത്.

അവയെല്ലാം വെറും ഭ്രമം! അവയെ അറിഞ്ഞുകൊണ്ട് അവയ്ക്കു പുറത്തു നില്ക്കുന്ന ഞാൻ മാത്രം സത്യം

ഈ അറിവുണ്ടാകുമ്പോൾ തന്നെ എല്ലാ ബന്ധവും നമ്മെ വിട്ടൊഴിയും! ഈ നിമിഷം ശാന്തനും സുഖിയും സ്വതന്ത്രനുമാണെന്നറിയും.

അഷ്ടാവക്ര ഗീതയിലൂടെ
അദ്ധ്യായം 1
ശ്ലോകം 5, 6

അഷ്ടാവക്ര മഹർഷി പറഞ്ഞു....
"ബ്രാഹ്മണാദി ജാതികളോ ബ്രഹ്മചാര്യാദി ആശ്രമങ്ങളോ ഉളളവനല്ലാ നീ.
ഇന്ദ്രീയങ്ങൾക്കും മനസ്സിനും വിഷയമായ യാതൊന്നും നീ അല്ല. കാരണം നീ വിഷയങ്ങൾക്ക് സാക്ഷി മാത്രമാണ് .നീ നിരാകാരനാണ്. നീ അല്ലാത്ത സർവ്വത്തിനും നീ സാക്ഷി മാത്രമാണെന്നറിഞ്ഞ് നിത്യ സുഖിയായിരിക്കു.

ധർമ്മാധർമ്മങ്ങൾ മനസ്സിനുള്ളതാണ്. സർവ്വവ്യാപിയായ നിനക്കുള്ളതല്ല. നീ പുണ്യപാപങ്ങളുടെ കർത്താവുമല്ലാ. അതു മൂലമുണ്ടാകുന്ന സുഖ ദു:ഖങ്ങളുടെ ഭോക്താവുമല്ല. നീ നിത്യമുക്തനാണു് "

താൻ ശരീരമാണെന്ന ഭ്രമമുള്ളപ്പോൾ ശരീരവുമായി ബന്ധപ്പെടുത്തി പലതുമായി നാം താ താത്മ്യം പ്രാപിക്കാറുണ്ട്. ഞാൻ ബ്രഹ്മണനാണ്, ക്ഷത്രിയനാണ് എന്നെല്ലാം പറയുന്നത് ശരീരമാണെന്ന തെറ്റിദ്ധാരണ കൊണ്ടാണ്. ബ്രഹ്മചാരിയാണു്, ഗൃഹസ്ഥാശ്രമിയാണു് എന്നൊക്കെ പറയുന്നതും ശരീരമാണെന്ന തെറ്റിദ്ധാരണ കൊണ്ടു തന്നെ. ഡോക്ടറാണ്, പുരുഷനാണ്, ഭാരതീയനാണ്, ഹിന്ദുവാണ് , അച്ഛനാണ് ,ഭർത്താവാണ് തുടങ്ങിയ എല്ലാ വിശേഷണങ്ങളും ശരീരത്തിനു മാത്രമെ ഇണങ്ങുകയൊള്ളു.
'ഞാൻ' എന്നത് ഒരു ശരീരം അല്ലെന്നും ശരീരം ഉൾപ്പെടെയുള്ള ലോക സ്വപ്നത്തിന് , സാക്ഷിയായ  ഒരു അറിവു മാത്രമാണെന്നും നാം കണ്ടു കഴിഞ്ഞു. അപ്പോൾ നിരാകാരനായ ബോധസ്വരൂപമായ എനിക്ക് ഈ ലോകത്തിലെ എന്തെങ്കിലുമായി താതാത്മ്യം പ്രാപിക്കുവാനാകുമോ? ഒരിക്കലുമില്ല. ദേഹത്തിന്റെ വിശേഷണങ്ങൾ ഒന്നും ഈ അറിവു നേടിയതിനു ശേഷം എനിക്ക് യോജിക്കില്ല. ഞാൻ നിരാകാരനാണ്. നിസർഗ്ഗദത്ത മഹാരാജ് ആവർത്തിച്ചു പറയാറുള്ളതുപോലെ , നീ അറിയുന്നതൊന്നും നീ അല്ല.
നീ അറിയുന്നവയുടെ സാക്ഷി മാത്രമാണ് നീ.

അപ്പോൾ ശരീരവുമായി ബന്ധപ്പെട്ടതൊന്നും ഞാനല്ലെന്ന് വ്യക്തമായി.

ഇനി , ശരീരത്തിന്റെ കർമ്മങ്ങളുമായി ബന്ധപ്പെടുത്തി മനസ്സ് , ധാർമ്മികൻ ,നല്ല മനുഷ്യൻ ,അധാർമ്മികൻ എന്നൊക്കെ എന്നെ വിശേഷിപ്പിക്കാറുണ്ട്. ഞാൻ ശരീരമല്ലെന്ന് അറിഞ്ഞ സ്ഥിതിക്ക് ഒരു തരം കർമ്മങ്ങളും ഞാൻ ചെയ്യുന്നില്ലെന്ന് വ്യക്തമാണ്.

ഞാൻ ശരീരമാണെന്നും കർമ്മം ചെയ്യുന്നുണ്ടെന്നും സ്വപ്നം കാണുകയാണ്. അതുകൊണ്ട് , ഞാൻ ഒന്നും ചെയ്യുന്നില്ല. ആ കർമ്മഫലമായി വരുന്ന സുഖദു:ഖങ്ങളുടെ ഭോക്താവും ഞാനല്ല. ഞാൻ സുഖദു:ഖങ്ങൾ അനുഭവിക്കുന്നതായി സ്വപ്നം കാണുകയാണ്.

ഞാൻ കാണുന്നയാളാണ് (ദൃഷ്ടാവ് ) . അനുഭവിക്കുന്ന ആൾ (ഭോക്താവ്) അല്ല. നിരാകാരനും ബോധമാത്രസ്വരൂപനുമായ ഞാൻ ഒന്നും ചെയ്യുന്നുമില്ല, ഒന്നും അനുഭവിക്കുന്നുമില്ല.

അപ്പോൾ എനിക്കെന്താണു് പ്രശനമുള്ളത്? ഞാൻ ശരീരമാണെന്നും അനേകം പ്രശ്നങ്ങളുണ്ടെന്നും സ്വപ്നം കാണുകയാണ്. ഇതറിഞ്ഞാൽ ആ നിമിഷം മുതൽ ഞാൻ സ്വതന്ത്രനാണ് . മാത്രമല്ലാ എല്ലായിപ്പോഴും ഞാൻ സ്വതന്ത്രൻ ആയിരുന്നു. ബന്ധിതനാണെന്ന് സ്വപ്നം കാണുന്നുവെന്നു മാത്രമെയൊള്ളു.


അഷ്ടാവക്രഗീതയിലൂടെ
ശ്ശോകം 7 8


വെറും ഒരു തെറ്റിദ്ധാരണനീങ്ങൽ മാത്രമാണ് മുക്തി എന്ന് വ്യക്തമാക്കുകയാണ് അഷ്ടാവക്ര മഹർഷി അടുത്ത ശ്ലോകങ്ങളിലൂടെ.

" നീ അല്ലാത്ത സർവ്വത്തിന്റേയും സാക്ഷി മാത്രമാണ് നീ. നീ എല്ലായ്പോഴും മുക്തൻ തന്നെയാണ്. അതറിയുന്നില്ലാ എന്നൊരു കുഴപ്പം മാത്രമെ നിനക്കൊള്ളു. സാക്ഷി മാത്രമായ 'ഞാൻ' കർത്താവും ഭോക്കാവുമാണെന്നു് നീ തെറ്റിദ്ധരിക്കുന്നു. അതു കൊണ്ടാണ് നിനക്ക് ബന്ധം അനുഭവപ്പെടുന്നത്‌.

'ഞാൻ കർത്താവാകുന്നു ' എന്ന വിശ്വാസമാകുന്ന വലിയ കൃഷ്ണ സർപ്പത്തിന്റെ കടിയേറ്റ് ആ വിഷ മൂർച്ഛയിൽ നീ മയങ്ങി കിടക്കുകയാണ്. അതിന്റെ ഔഷധമായ 'ഞാൻ കർത്താവല്ല' എന്ന വിശ്വാസാമൃതം പാനം ചെയ്തിട്ട് നീ സുഖിയായി ഇരുന്നാലും!"

ലോകം, 'ഞാൻ' എന്ന ബോധത്തിൽ സ്വപ്ന സമാനമായി പ്രത്യക്ഷപ്പെടുകയാണ്. ആ സ്വപ്നത്തെ ഞാൻ അറിയുന്നു. ഞാനപ്പോൾ സ്വപ്നത്തിന്റെ സാക്ഷി (ദൃഷ്ടാവ് ) മാത്രമാണ്.
ശരീരമോ?

ഞാൻ കാണുന്ന സ്വപ്നത്തിലെ ഒരു കഥാപാത്രം മാത്രം.

എന്നാൽ ഞാൻ ശരീരമാണ് എന്ന തെറ്റിദ്ധാരണ ഉള്ളതിനാൽ ശരീരം ചെയ്യുന്നതായി കാണുന്നതെല്ലാം ഞാൻ ചെയ്യുന്നതായി തോന്നുന്നു . ഇതാണ് ബന്ധത്തിന്റെ കാരണം.

സ്വപ്നത്തിൽ ആന ഓടിക്കുന്ന രംഗം ഓർത്തുനോക്കു. ഓടുന്ന സൂക്ഷ്മ ശരീരം താനാണെന്നു കരുതിയാണല്ലോ താൻ ഭയസംഭ്രമങ്ങൾക്ക് ഇരയാകുന്നത്!  സ്വപനത്തിൽ ഞാൻ ഓടി എന്നു് തോന്നാറുണ്ട്. പക്ഷെ ഓടിയതായി കാണപ്പെട്ട സൂക്ഷ്മ ശരീരം താൻ ആയിരുന്നില്ല. അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു. ഞാൻ സ്വപ്നത്തിന്റെ ദൃഷ്ടാവു മാത്രമാണ്. ഓടിയിട്ടില്ല. ഓട്ടം കാണുകയായിരുന്നു.

അതേ പോലെ ഈ ജാഗ്രത് സ്വപ്നത്തിന്റേയും ദൃഷ്ടാവുമാത്രമാണ് ഞാൻ. കർത്താവല്ല. ഇത് നന്നായി ബുദ്ധിയിൽ ഉറപ്പിക്കേണ്ടതുണ്ട്.

ഞാൻ കർമ്മം ചെയ്യുന്നുവെന്നത് വലിയൊരു അജ്ഞതയാണ്. ഞാൻ ഒന്നും ചെയ്യുന്നില്ല. കാരണം ഞാൻ എന്നു തെറ്റിദ്ധരിച്ചിരിക്കുന്ന ശരീരവും, ശരീരം ചെയ്യുന്ന കർമ്മങ്ങളും ഞാൻ  കാണുന്ന സ്വപനത്തിലെ രംഗങ്ങളാണ്. യഥാർത്ഥ ഞാൻ ആ സ്വപ്നത്തിന്റെ ദൃഷ്ടാവൂ മാത്രം. അതിനാൽ താൻ ശരീരമല്ലെന്നും കർമ്മം ചെയ്യുകയും ഫലം അനുഭവിക്കുകയും ചെയ്യുന്നില്ലെന്നും നല്ല ഉറപ്പുണ്ടാക്കുകയാണു് വേണ്ടത്.

കർത്താവാണെന്ന തെറ്റിദ്ധാരണ ഉറച്ചു പോയിരിക്കുന്നതിനാൽ കർത്താവല്ല എന്ന സത്യം ഇനി മനനം ചെയ്ത് ഉറപ്പിക്കണം. ആ ഉറപ്പുണ്ടാകുമ്പോൾ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് അനുഭവപ്പെടും

'അഷ്ടാവക്ര ഗീതയിലുടെ
അദ്ധ്യായം 1
ശോകം 9, 10 )

ജനകമഹാരാജാവിനോട് അഷ്ടാവക്ര മഹർഷി തുടരുകയാണ്

"ഏകവും നിർവിഷയവുമായ ആയ വിശുദ്ധ ബോധമാകന്നു ഞാൻ എന്നുള്ള നിശ്ചയമാകുന്ന അഗ്നി കൊണ്ട് താൻ ശരീരമാണ്, കർത്താവാണ്, ഭോക്താവാണ് എന്നും മറ്റുമുള്ള തെറ്റിദ്ധാരണകളാകുന്ന കാടുകൾ മുഴുവൻ ദഹിപ്പിച്ചു കളഞ്ഞിട്ട് നീ സർവ്വ ദു:ഖങ്ങളും തീർന്നു് സുഖിയായിത്തീർന്നാലും!

മങ്ങിയ വെളിച്ചത്തിൽ കയറിനെ പാമ്പായി തെറ്റിദ്ധരിക്കുന്നതു പോലെ ആനന്ദസ്വരൂപമായ ബോധം ഈ ജഗത്തായി തെറ്റിദ്ധരിക്കപ്പെടുകയാണ്. ഇതറിഞ്ഞാൽ മാത്രം മതി നിനക്കൊരു ദുഃഖവുമില്ലാതെ ജീവിക്കുവാൻ "

ഞാൻ എന്ന ചിന്തയ്ക്കൊപ്പം ശീലം കൊണ്ട് ശരീരചിന്ത കൂടി മനസ്സിൽ വരുന്നു. പക്ഷെ 'ഞാൻ' ഒരിക്കലും ഒരു ശരീരമല്ല. ഞാൻ ബോധമാണ്. ഞാൻ അറിയുന്ന പ്രപഞ്ചം , ഉദിക്കുന്നതും നിലനില്ക്കുന്നതും മറയുന്നതുമെല്ലാം , ഞാനാകുന്ന ബോധത്തിലാണ്. അതുകൊണ്ട് ഞാൻ ഏകനാണ്. ലോകം എന്നിലാണ് അറിയപ്പെടുന്നത്. എനിക്കു പുറത്തല്ല. ശരീരങ്ങളും മനസും ബുദ്ധിയും എല്ലാം എന്നിലാണ്. എന്നിൽ നിന്നും വേറിട്ട് യാതൊന്നുമില്ല.

വിഷയങ്ങൾ (ലോകം) സ്വപ്ന സമാനമായി എന്നിൽ കാണപ്പെടുകയാണു്. അതില്ലാതയും എനിക്ക് നിലനിൽക്കാനാകും. എന്നും സുഷുപ്തിയിൽ നിർവ്വിഷയമായി ഞാൻ നിലനിൽക്കുന്നു. ജാഗ്രത്തിലും സ്വപനത്തിലും നാമരൂപങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും അത് വെറും ഭ്രമമാണ്. അപ്പോൾ ഞാൻ ഏകവും നിർവ്വിഷയവും ആയ വിശുദ്ധ ബോധമാണ്

ഞാൻ ആകുന്ന ബോധം ഈ പ്രപഞ്ച സ്വപ്നത്തെ അറിയുന്നു. അപ്പോൾ ആ സ്വപ്നത്തിൽ തെളിയുന്ന ഒരു ശരീരരൂപം ഞാൻ ആകുന്നതെങ്ങിനെ? ഒരിക്കലും ആകുവാൻ കഴിയില്ല. ശരീരമല്ലാത്തതിനാൽ ഞാൻ ഒന്നും ചെയ്യുന്നില്ല. അതിനാൽ ഒരിക്കലും കർത്താവല്ല. ഞാൻ ഒന്നും അനുഭവിക്കുന്നില്ല. അനുഭവിക്കുന്നതായി കാണപ്പെടുന്ന ശരീരം ഞാനല്ല. അതിനാൽ ഞാൻ ഭോക്താവുമല്ല. ഇതെല്ലാം ആവർത്തിച്ചു മനനം ചെയ്തു ഉറപ്പിക്കണം. അപ്പോൾ തെറ്റിദ്ധാരണകളുടെ കാട് കത്തി ചാമ്പലാകും. ആനന്ദഘന ബോധമായ ഞാൻ മാത്രം അവശേഷിക്കും.

മങ്ങിയ വെളിച്ചത്തിൽ നാം കയറിനെ പാമ്പായി തെറ്റിദ്ധരിക്കാറുണ്ട്. നല്ല വെളിച്ചത്തിൽ അങ്ങിനെ ഒരു തെറ്റിദ്ധാരണ ഉണ്ടാകില്ല. അതുപോലെ ആണ് ബോധത്തിൽ ലോകം കാണപ്പെടുന്നതും .ഞാൻ എന്ന ബോധത്തിൽ ലോകമൊന്നുമില്ല. ബോധത്തെത്തന്നെ ലോകമായി തെറ്റിദ്ധരിക്കുകയാണ്. ബോധത്തിൽ ബോധം മാത്രമെയൊളളു.
ഏതു പോലെ?
സമുദ്രജലത്തിൽ തിര കാണന്നു. തിര എന്നു് നാം വിളിക്കുന്നുവെങ്കിലും അതിൽ വെള്ളമല്ലാതെ എന്താണുള്ളത്? വെള്ളം  ഒരു രൂപം കൈവരിക്കുമ്പോൾ അതിനെ തിരയെന്നു വിളിക്കുന്നു. എന്നാൽ അത് എപ്പോഴും ജലം മാത്രമാണ്.
മറ്റൊരു ഉദാഹരണം പറഞ്ഞാൽ സ്വർണ്ണം കൊണ്ട് നാം പല ആഭരണങ്ങൾ ഉണ്ടാക്കുന്നു. അതിന്റെ രൂപത്തിനനുസരിച്ച് മാല, വള, കമ്മൽ, പാദസ്വരം എന്നെല്ലാം വിളിക്കും. പക്ഷെ അതിൽ സ്വർണ്ണമല്ലാതെ മറ്റെന്താണ് ഉള്ളത്?
അതുപോലെ ബോധത്തിൽ കാണുന്ന നാമരൂപങ്ങൾ ബോധമല്ലാതെ മറ്റെന്താണ്?

ബോധം പർവ്വതം എന്ന സങ്കല്പം സ്വീകരിക്കുമ്പോൾ പർവ്വതമായി കാണപ്പെടുന്നു. സമുദ്രം എന്ന സങ്കല്പം സ്വീകരിക്കുമ്പോൾ സമുദ്രമായി കാണപ്പെടുന്നു. പക്ഷെ അത് പർവ്വതവും അല്ല, സമുദ്രവുമല്ല. വെറും ബോധം മാത്രം. 'ഞാൻ' ശരീരമെന്നു ധരിക്കുന്നത് കൊണ്ടാണ് സമുദ്രവും പർവ്വതവുമെല്ലാം പുറത്തായി കാണപ്പെടുന്നത്. സത്യത്തിൽ ശരീരവും പർവ്വതവും സമുദ്രവും ബോധത്തിൽ തന്നെയാണു്.

ഏതു പോലെ?
വീണ്ടും സ്വപ്നത്തെ പരിഗണിക്കു ......
സ്വപ്നത്തിൽ ഞാൻ എന്ന പേരിൽ ഒരു സൂക്ഷ്മ ശരീരം പ്രത്യക്ഷപ്പെട്ടു.. അത് കാടിലൂടെ നടക്കുകയാണു്...... പക്ഷെ സത്യത്തിൽ ഈ ശരീരവും കാടും ബോധത്തിലല്ലേ? അങ്ങിനെ ഒരു ശരീരവും കാടും ഉണ്ടായിട്ടില്ലല്ലോ. ബോധമല്ലേ കാടായതും ശരീരമായതും? ഇതുപോലെ തന്നെയാണ് ജാഗ്രത്തിലും സംഭവിക്കുന്നതു്‌.

അപ്പോൾ ബോധമല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. പർവ്വതവും സമുദ്രവും സൂര്യനും ചന്ദ്രനും ആയി കാണപ്പെടുന്നത് ബോധം മാത്രമാണ്. ബോധം മാത്രമെയൊള്ളു. മറ്റെല്ലാം അതിലെ കാഴ്ചകൾ മാത്രം. ശരിയായ അറിവിന്റെ അഭാവത്തിൽ ബോധത്തെ ലോകമായി തെറ്റിദ്ധരിക്കുകയാണ്. അറിവ് പൂർണ്ണമാകുന്നതോടെ ബോധത്തെ മാത്രമെ കാണുകയൊള്ളൂ.

കൂടുതൽ വ്യക്തമാക്കുന്നതിന്ന് ഒരു ഉദാഹരണം കൂടി പരിഗണിക്കാം.
ഒരു കുട്ടി ഒരു കടലാസ്സിൽ ചിത്രരചന നടത്തുകയാണ്. ഒരു പ്രകൃതീദൃശ്യം അവൻ വരച്ചിരിക്കുന്നു. പർവ്വതത്തിൽ ഉദിച്ചുയരുന്ന സൂര്യൻ. ഒരു നദി, നദിയിൽ കുടി കടന്നു പോകുന്ന വഞ്ചി, നദിയിലേക്കു ചരിഞ്ഞു നില്ക്കുന്ന തെങ്ങ് തുടങ്ങിയവയെല്ലാം ചിത്രത്തിലുണ്ട്. ഓരോന്നും എന്താണെന്നു ചോദിച്ചാൽ അവൻ പർവ്വതം. സൂര്യൻ, നദി, വഞ്ചി, തെങ്ങ് എന്നെല്ലാം പറയും. പക്ഷെ സത്യത്തിൽ അവിടെയുള്ളത് കടലാസ്സാണ്. കടലാസ്സിൽ പർവ്വതവും നദിയുമൊന്നുമില്ല. വെറും കടലാസ്. നാമരൂപങ്ങളിൽ ശ്രദ്ധിക്കുമ്പോൾ പർവ്വതം, സൂര്യൻ, നദി എന്നെല്ലാം തോന്നും. എന്നാൽ  അവയുടെ പശ്ചാത്തലം കൂടി പരിഗണിക്കുമ്പോൾ അവയെല്ലാം വെറും കടലാസ്!

ഇതു പോലെ തന്നെ ലോകവും. ബോധത്തിലാണ് ലോകം തെളിയുന്നത്. ബോധത്തിൽ നിന്നും വേറിട്ട് അതിന് നിലനില്ക്കുവാൻ കഴിയില്ല. അത് ബോധ മാത്രമാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സമുദ്രവും പർവ്വതവും മനുഷ്യരും മൃഗങ്ങളും എല്ലാമെല്ലാം ബോധത്തിൽ തെളിയുന്നു. അതു് ബോധം മാത്രമാണ്. ആ ബോധമാണ് 'ഞാൻ'. അതിനാൽ ഞാൻ തന്നെയാണ് ലോകമായി കാണുപ്പെടുന്നത്. അതിനാൽ ഞാൻ മാത്രമാണ് ഒരേയൊരു സത്യം.

ഞാനല്ലാതെ മറ്റൊന്നും നിലവിലില്ലെന്ന് അറിയുന്നതോടെ എല്ലാ ഭയങ്ങളും ആഗ്രഹങ്ങളും മറയും. ആനന്ദം മാത്രം ശേഷിക്കും.

(അഷ്ടാവക്രഗിതയിലൂടെ......
അദ്ധ്യായം 1
ശ്ലോകം 11, 12")

ഞാൻ മുക്തനാണ് എന്ന ഉറപ്പുണ്ടെങ്കിൽ മുക്തൻ തന്നെയാണ്. താൻ ബദ്ധനാണ് എന്ന ഉറപ്പുള്ളതുകൊണ്ടാണ് ഇപ്പോൾ ബദ്ധനായി അനുഭവപ്പെടുന്നത്. മനസ്സിലെ സങ്കല്പങ്ങൾ പോലെയാണ് അനുഭവങ്ങൾ ഉണ്ടാകുന്നത്.

ആത്മാവു്, അനാത്മ വസ്തുക്കളുടെ സാക്ഷി മാത്രമാണ് . ദേഹത്തിന്റേയോ മനസ്സിന്റേയോ വ്യാപാരങ്ങളിൽ ഒരു വിധത്തിലും കക്ഷിയല്ല. അത് വിഭുവും പൂർണ്ണനും ആണ്. ഏകനായ ആത്മാവ് സദാ മുക്തനാണ്. അതിന് വിഷയങ്ങളോട് ഒരു സംഗവുമില്ല.. അതിനാൽ എപ്പോഴും ശാന്തവുമാണ്. ദേഹാദി ഭ്രമം കൊണ്ടാണ് അതു് സംസാരിയായി കാണപ്പെടുന്നത്."

ഏകനായ ബോധം മാത്രമാണ് സത്യം. മറ്റെല്ലാം ബോധത്തിലുണ്ടാകുന്ന പ്രതീതികൾ മാത്രം. ഏകവും അദ്വൈതീയവുമായ ബോധത്തിൽ പലത് സങ്കല്പിക്കുമ്പോൾ അത് ലോകം. പലത് കാണപ്പെടുന്നത് ഒരു ബോധത്തിലാണെന്നും അതുകൊണ്ട് ബോധം മാത്രമെ ഉള്ളൂ എന്നും അറിഞ്ഞാൽ എല്ലാമറിഞ്ഞു. സത്യമറിഞ്ഞാൽ മുക്തൻ. പലതു കാണുമ്പോൾ ബദ്ധൻ.

അപ്പോൾ ലോകം തന്നിൽ നിന്നും വേർപെട്ടതല്ലെന്ന് തിരിച്ചറിയുന്നതാണ് മുക്തി. മുക്തനാകാൻ പുതിയതായി എന്തെങ്കിലും നേടിയെടുക്കേണ്ടതില്ല .ഞാൻ, ശരീരവും മനസ്സും മറ്റുമാണെന്ന തെറ്റിദ്ധാരണ നീങ്ങി ഞാൻ ശരീരത്തേയും മനസ്സിനേയും അറിയുന്ന ബോധമാണെന്ന ധാരണ വരുന്നതാണു് മുക്തി.

അത് അറിയാത്തപ്പോഴും സത്യത്തിൽ ഞാൻ ബോധം തന്നെയാണ്.

ഏതുപോലെ?
മങ്ങിയ വെളിച്ചത്തിൽ കയറിനെ പാമ്പായി തെറ്റിദ്ധരിക്കുന്നു. പാമ്പാണെന്ന ധാരണ ഭയം ജനിപ്പിക്കുന്നു. നല്ല വെളിച്ചം വന്നപ്പോൾ കയറാണെന്ന് മനസ്സിലാക്കുന്നു. അപ്പോൾ ഭയം നീങ്ങുന്നു, പാമ്പാണെന്ന് തെറ്റിദ്ധരിച്ച സമയത്തും സത്യത്തിൽ കയർ മാത്രമെ ഉണ്ടായിരുന്നൊളു. നല്ല വെളിച്ചം വന്നപ്പോൾ തെറ്റിദ്ധാരണ മാറി എന്നു മാത്രം. അപ്പോൾ മാത്രമെ ഭയം നീങ്ങുകയൊള്ളു.
ഇതു പോലെ അറിഞ്ഞാലും ഇല്ലെങ്കിലും ഞാൻ എപ്പോഴും മുക്തനാണ്. ബദ്ധനാണെന്ന് മനസ്സു സങ്കല്പിക്കുന്നു. അപ്പോൾ ബദ്ധനായി തോന്നുന്നുവെന്നു മാത്രം. അപ്പോൾ മനസ്സിലെ സങ്കല്പം മാത്രമാണ് ബന്ധമുണ്ടാക്കുന്നത്.

അതു കൊണ്ടു മുക്തനാണെന്നു സങ്കല്പം ദൃഢമായാൽ ആനന്ദം അനുഭവപ്പെട്ടു തുടങ്ങും. ഞാൻ അഥവ ആത്മാവു് നിത്യ മുക്തനായ ബോധമാണെന്ന് നാം കണ്ടു. മുക്തൻ എന്നാൽ ദേഹത്തിന്റേയോ മനസ്സിന്റേയോ വ്യവഹാരങ്ങളിൽ ഞാൻ പങ്കാളിയല്ലായെന്നർത്ഥം. ശാന്തിയാണ് എന്റെ സ്വരൂപം. ദേഹത്തിന്റേയും മനസ്സിന്റേയും .വ്യവഹാരങ്ങളിൽ ഞാൻ സാക്ഷി മാത്രമാണ്. എന്നിൽ സ്വപ്ന സമാനമായിനടക്കുന്ന കാര്യങ്ങൾ ഞാൻ അറിയുന്നു. എന്നാൽ എന്നിൽ നിന്നും വേറിട്ട് ഒന്നും ഇല്ലെന്നു് അറിയാവുന്നതു കൊണ്ട് ഞാൻ നിസ്സംഗനാണ്. എനിക്ക് കാലവും ദേശവുമൊന്നും ബാധകമല്ല. കാരണം അത്തരം സങ്കല്പങ്ങളെല്ലാം എന്നിൽ പ്രത്യക്ഷപ്പെട്ട് ഇല്ലാതാവുന്നവയാണ്. ഇങ്ങനെ നിത്യ ശുദ്ധനും ഏകനും ശാന്തനുമായ ഞാൻ ദേഹമാണെന്ന് തെറ്റിദ്ധരിക്കുമ്പോൾ വ്യവഹാരിയും ബദ്ധനും അശാന്തനും ആയി കാണപ്പെടുന്നുവെന്ന് മാത്രമെയൊള്ളു.

No comments:

Post a Comment