Sunday, 16 October 2016

ജ്ഞാനി

മൗനമായിരിക്കുക എന്നു പറഞ്ഞാൽ എന്താണ്?
ജ്ഞാനി മൗനത്തിലായിരിക്കും എന്നാണ് പറയപ്പെടുന്നത്.
മൗനമായിരിക്കുക എന്നാൽ നാവിനെ നിശ്ചലമാക്കുക എന്നാണോ അർത്ഥം?
ശരീരവും ആയി താതാത്മ്യം പ്രാപിച്ചിരിക്കുന്നവർക്ക് അങ്ങിനെ തോന്നുന്നത് സ്വഭാവികമാണ്. എന്നാൽ ജ്ഞാനി, താൻ ശരീരമാണെന്നോ മനസ്സാണെന്നോ കരുതുന്നില്ല. നിരന്തരം ശരീരം സംസാരിക്കുമ്പോഴും സംസാരിക്കുന്നില്ല.
ശരീരത്തിനും മനസ്സിനും അതീതമായ ബോധതലത്തിൽ നില്ക്കുന്ന ജ്ഞാനി കർമ്മം ചെയ്യുന്നില്ല. അതുകൊണ്ട് ജ്ഞാനിയെ അത്തരം അളവുകോലുകൾ കൊണ്ടൊന്നും അളക്കുവാൻ കഴിയില്ല.

മൗനമായിരിക്കുക എന്നു പറഞ്ഞാൽ ഒരു ആഗ്രഹങ്ങളൂം ഇല്ലാതെ മനസ്സ് ശാന്തമായിരിക്കുന്ന അവസ്ഥയാണ്. അപ്പോൾ മനസ്സ് നിശ്ചലമാണ്. നിശ്ചലമായ ബോധവുമായി താതാത്മ്യം പ്രാപിച്ചു. മനസ്സു് എന്ന പേരു് ഉപയോഗിക്കുന്നതു ശരിയല്ലയെങ്കിലും ശരീരത്തെ സംരക്ഷിക്കുന്നതിനു് അതു് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. അത് ഈശ്വര സങ്കല്പം.

എല്ലാം ഒന്നാണെന്നും ഒന്നും സംഭവിക്കുന്നില്ലെന്നും അറിയുമ്പോൾ ഒന്നും ചെയ്യുവാനില്ല . ശരീരം പ്രവർത്തിക്കുമ്പോൾ അതറിയുന്നു. താൻ ഒന്നും ചെയ്യുന്നില്ല. അതിനു സാക്ഷി മാത്രമാണ്. ചിന്തകൾ നടന്നാലും അതിനും സാക്ഷി മാത്രം. താൻ ചിന്തിക്കുന്നില്ല. തന്നിൽ എല്ലാം നടക്കുന്നതായി തോന്നുമ്പോഴും ഒന്നും നടക്കുന്നില്ലെന്നു് അറിഞ്ഞു നില്ക്കുന്ന ഈ അവസ്ഥയത്രെ മൗനം!
അതായത് താൻ ശരീരമോ മനസ്സോ അല്ലെന്ന് അറിഞ്ഞു് സാക്ഷി തലത്തിൽ നില്ക്കുകയാണെങ്കിൽ എല്ലാവരും എപ്പോഴും മൗനത്തിൽത്തന്നെ!

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment