Sunday, 16 October 2016

ഞാൻ ബോധസ്വരൂപനാണ്

ഞാൻ ബോധസ്വരൂപനാണ് . അതിൽ പ്രത്യക്ഷപ്പെടുന്ന സങ്കല്പങ്ങളിലൂടെയാണ് ലോകം പ്രത്യക്ഷമായി കാണപ്പെടുന്നത് സങ്കല്പങ്ങളാകട്ടെ, സത്തയിൽ ബോധം തന്നെയാണ്. ബോധത്തിൽ നിന്നും വേറിട്ട് സങ്കല്പങ്ങൾക് നിലനില്ക്കുവാൻ കഴിയില്ല. ബോധമായി നില്ക്കുമ്പോൾ ബോധത്തെ മാത്രമെ കാണുവാൻ കഴിയുകയൊള്ളു. ബോധത്തിൽ തെളിയുന്ന ഭ്രമവും ബോധം തന്നെയാണല്ലോ.

എന്നാൽ ഈ അനുഭൂതി ഉണ്ടാകണമെങ്കിൽ ലോകമെന്നതു് ബോധത്തിലെ ഒരു തോന്നലാണെന്നു്  ബുദ്ധി ഉപയോഗിച്ച് അറിയണം. ശരീരതലത്തിൽ നില്ക്കുമ്പോൾ അങ്ങിനെ തന്നെയാണ് വിശകലനം ചെയ്യേണ്ടത്. നിത്യമെന്നും അനിത്യമെന്നും ആദ്യം വേർതിരിച്ചു കാണണം. എന്നാൽ മാത്രമെ അനിത്യത്തിൽ ഭ്രമിക്കുന്ന സ്വഭാവം മാറിക്കിട്ടൂ.

ശരീരം ജഡമാണെന്നു പറയുമ്പോൾ ചിലർ എല്ലാം ബോധമാകുമ്പോൾ ശരീരവും ബോധമല്ലേ എന്ന് ചോദിക്കുന്നതു് കേൾക്കാറുണ്ട്. ശരീരവും ബോധമാണെന്നു പറയുമ്പോൾ ശരീരമുണ്ടെന്നും അത് ബോധമാണെന്നുമല്ലാ അർത്ഥമാക്കുന്നത്. ശരീരം സത്യത്തിൽ ഇല്ലെന്നും ബോധത്തെ ശരീരമായി തെറ്റിദ്ധരിക്കുകയാണ് എന്നുമാണ് അർത്ഥമാക്കുന്നതു്.

ഒരു അന്വേഷകനെ സംബന്ധിച്ച് ആദ്യം നിത്യാനിത്യവിവേകം ഉണ്ടാവുക തന്നെ വേണം. അതിനു മുമ്പ് ലോകം ബോധമാണെന്നു പറഞ്ഞാൽ അർത്ഥം ശരിയായി ഗ്രഹിക്കുവാൻ കഴിയില്ല.

ഭഗവാൻ സത്യസായി ബാബയോട് ശരീരവും ഈശ്വരനല്ലേ എന്നു ചോദിക്കുമ്പോൾ അദ്ദേഹം മറുപടി പറയുന്നത് ശ്രദ്ധിക്കു _
"നിങ്ങൾ ശരീരത്തെക്കുറിച്ച് ചോദിക്കുന്നു. നിങ്ങൾ ഈശ്വരനെക്കുറിച്ചല്ലാ, ശരീരത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഈശ്വരനെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ നിങ്ങൾക്കു ഈശ്വരൻ മാത്രമെയൊള്ളൂവെന്നു് ബോദ്ധ്യപ്പെടും . പക്ഷേ നിങ്ങൾ ശരീരത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ശരീരം ഒരു ഉപകരണം മാത്രം. അത് ഭൗതീക വസ്തുവാണ്. ഭൗതീക വസ്തു മാറ്റത്തിനു വിധേയമാണ്. ഭൗതീകമായ ലോകം നിരന്തരം മാറികൊണ്ടിരിക്കുന്നു. എന്നാൽ ഈശ്വരൻ ഒരിക്കലും മാറുന്നില്ല. മാറ്റത്തിനു വിധേയമല്ലാത്ത ആത്മാവാണ് ഈശ്വരൻ."

ഇവിടെ ബോധത്തിന്റെ തലത്തിൽ നിന്നാൽ ബോധം മാത്രമെ കാണുകയൊള്ളൂവെന്നും ശരീരത്തെ കാണുന്നത് ശരീരതലത്തിൽ നില്ക്കുന്നതുകൊണ്ടാണെന്നുമാണ് സൂചിപ്പിക്കുന്നതു്. ശരീരതലത്തിൽ നില്ക്കുമ്പോൾ സത്യത്തേയും ജഡത്തേയും വേർതിരിച്ചറിഞ്ഞ് ജഡത്തോട് താല്പര്യമില്ലായ്മ വളരണം.
അതിനു ശേഷമെ അനുഭുതി ഉണ്ടാകു. ഈ താല്പര്യമില്ലായ്മയാണ് ശാന്തി പ്രദാനം ചെയ്യുന്നത്.

അല്ലെങ്കിൽ തത്വം ഉരുവിടുന്നവർ തന്നെ ലോകകാര്യങ്ങളിൽ മുഴുകി പോകും.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment