ഭക്തൻ: എല്ലാം ഈശ്വരനാണെന്നു് അങ്ങു പറയുന്നുവല്ലോ അപ്പോൾ ശരീരവും ഈശ്വരനല്ലേ?
സ്വാമി: നിങ്ങൾ ശരീരത്തെക്കുറിച്ച് ചോദിക്കുന്നു. നിങ്ങൾ ഈശ്വരനെക്കുറിച്ചല്ലാ, ശരീരത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഈശ്വരനെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ നിങ്ങൾക്കു ഈശ്വരൻ മാത്രമെയൊള്ളൂവെന്നു് ബോദ്ധ്യപ്പെടും . പക്ഷേ നിങ്ങൾ ശരീരത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ശരീരം ഒരു ഉപകരണം മാത്രം. അത് ഭൗതീക വസ്തുവാണ്. ഭൗതീക വസ്തു മാറ്റത്തിനു വിധേയമാണ്. ഭൗതീകമായ ലോകം നിരന്തരം മാറികൊണ്ടിരിക്കുന്നു. എന്നാൽ ഈശ്വരൻ ഒരിക്കലും മാറുന്നില്ല. മാറ്റത്തിനു വിധേയമല്ലാത്ത ആത്മാവാണ് ഈശ്വരൻ.
ഭക്തൻ: സ്വാമിയുടെ ശരീരവും ഒരു ഉപകരണം മാത്രമാണോ?
സ്വാമി: സ്വാമിയുടെ ശരീരവും മറ്റു ശരീരങ്ങൾ പോലെ തന്നെ . എല്ലാ ശരീരങ്ങളും വെറും ഉപകരണങ്ങൾ മാത്രം. അവയെല്ലാം താൽക്കാലികം.. അവയ്ക്ക് ജനനവുമുണ്ട്; മരണവുമുണ്ട്. എന്നാൽ അന്തർയ്യാമി മാറ്റമില്ലാത്തതാണ്. അതാണ് ആത്മാവ്. അതാണ് നിങ്ങൾ ! യഥാർത്ഥ നിങ്ങൾ ആത്മാവാണ്. ശരീരമല്ല .
ഭക്തൻ: എങ്ങിനെയാണ് ആ ഉയർന്ന അവസ്ഥയിലേക്ക് ഉയരുന്നത്? എങ്ങിനെയാണ് പൂർണ്ണതയിൽ എത്തുന്നത്?
സ്വാമി: സ്നേഹത്തിലൂടെ. സ്നേഹത്തിലൂടെ മാത്രം. ദിവ്യ പ്രേമം വളർത്തുക. ദിവ്യ പ്രേമം പൂർണ്ണമായും സ്വാർത്ഥരഹിതമാണ്. മനുഷ്യരുടെ സ്നേഹം മിക്കവാറും സ്വാർത്ഥതയിൽ അധിഷ്ഠിതമാണ്. എല്ലായിപ്പോഴും ആ സങ്കുചിതമായ ഞാനിനെ കുറിച്ചാണ് അതിന്റെ ചിന്ത. ഈ സങ്കുചിതമായ 'ഞാൻ' എന്ന ചിന്ത തന്നെയാണ് അഹന്ത. അഹന്ത വളരെ ചീത്ത ഗുണമാണ്. അത് എല്ലാത്തിനേയും വേർപ്പെടുത്തി കാണുന്നു. അഹങ്കാരമാണ് രണ്ടാമതൊന്നിനെ തോന്നിപ്പിക്കുന്നത്. അഹങ്കാരം മാറ്റിയാൽ ഏകത അനുഭവപ്പെടും. രണ്ടാമതൊന്നു കാണുമ്പോൾ ദിവ്യതയ്ക്ക് നിലനില്ക്കുവാനാകില്ല.
എല്ലായിപ്പോഴും ലോകം എവിടെ നിന്നു് ഉത്ഭവിക്കുന്നൂവെന്ന് ശ്രദ്ധിക്കുക. അതായത് ദിവ്യതയെ മാത്രം ശ്രദ്ധിക്കുക.
ഇപ്പോൾ നിങ്ങൾക്കു് ആഗ്രഹങ്ങൾ മാത്രമാണുള്ളത്. എനിക്കിതു വേണം, അതു വേണെമെന്നെല്ലാം നിങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുന്നു. അവ നീങ്ങി പോകുന്ന കാർമേഘങ്ങളായി കണ്ടാൽ മതി. അവ വരുകയും കടന്നു പോകുകയും ചെയ്യുന്നു.
ഒരു നിമിഷം സന്തോഷിപ്പിക്കുകയാണെങ്കിൽ അടുത്ത നിമിഷം വേദനിപ്പിക്കുന്നു. അവയ്ക്ക് നിലനില്ക്കുന്ന ആനന്ദം നൽകുവാൻ കഴിയില്ല . ആഗ്രഹങ്ങൾ ചേർന്നാണു് മനസ്സുണ്ടാകുന്നതു്. ഒരു കൂട്ടം ആഗ്രഹങ്ങളല്ലാതെ മറ്റൊന്നുമല്ലാ മനസ്സ്. ആഗ്രഹങ്ങളിൽ നിന്നാണ് ഓരോ ചിന്തയും ഉദിക്കുന്നതു്. അതുകൊണ്ട് മനസ്സിനെ പിൻതുടരരുത്. നീങ്ങി പോകുന്ന കാർമേഘങ്ങളെ ആശ്രയിക്കരുത്.
ആഗ്രഹങ്ങൾ വരുകയും പോകുകയും ചെയ്യും. എന്നാൽ ഒരിക്കൽ സ്വഭാവ ഗുണം വന്നാൽ അവ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും. അതിനാണ് നാം ശ്രദ്ധ നൽകേണ്ടതു്.
ഭക്തൻ: സ്വാമി ,ഈശ്വരനെ അച്ഛനും അമ്മയുമായിട്ടാണോ കാണേണ്ടതു്?
നിങ്ങളുടെ ശരീരത്തിന്റെ അമ്മ നിങ്ങളോടൊപ്പം ഏതാനം വർഷങ്ങൾ ഉണ്ടാകും. അവർ നിങ്ങളുടെ താൽക്കാലിക മാതാവു മാത്രം. ശരീരത്തിന്റെ അച്ഛന്റെ കാര്യവും അങ്ങിനെ തന്നെ. യഥാർത്ഥ ബന്ധങ്ങൾ അതൊന്നുമല്ല. സത്യമാണ് യഥാർത്ഥ പിതാവു്. സത്യം നിലനില്ക്കുന്നതാണു്. സത്യത്തിന് ജനനമോ മരണമോ ഇല്ല. സ്വാർത്ഥരഹിതമായ സ്നേഹമാണു് യഥാർത്ഥ മാതാവ്. ഭക്തി ഭാവമാണ് യഥാർത്ഥ സംഹാദരൻ. ജ്ഞാനമാണ് യഥാർത്ഥ മകൻ. ശാന്തി മകളും. ഈ ബന്ധങ്ങൾ മാറ്റമില്ലാത്തവയാണ്. അവയ്ക്ക് ജനനമോ മരണമോ ഇല്ല. അവ ഈശ്വരനുമായി നിങ്ങളെ സ്ഥിരമായി ബന്ധിപ്പിക്കുന്നു
[1983 ഏപ്രിൽ മാസത്തിൽ ഭഗവാൻ ശ്രീ സത്യസായി ബാബ കൊടൈക്കനാലിൽ വിദേശിയർക്ക് നൽകിയ ഒരു ഇൻറർവ്യൂവിൽ നിന്നും]
No comments:
Post a Comment