ആശ്രമത്തിൽ വരുന്നവർ സത്സംഗങ്ങൾക്കിടയിൽ പറയാറുണ്ട്: "സ്വാമിജി പറഞ്ഞതെല്ലാം നന്നായി മനസ്സിലായി. ഞാൻ ശരീരമല്ല; മനസ്സല്ല; അഹങ്കാരമല്ലാ, ഞാൻ എല്ലാത്തിനും സാക്ഷിയായ ബോധ സത്തയാണ്. ഇനി ഞാനെന്തു ചെയ്യണം?" ആ നിമിഷം അവർക്ക് ഒന്നും മനസ്സിലായിട്ടില്ലെന്ന് സ്വാമിജിക്കും മനസ്സിലാകും. കാരണം പരിശ്രമങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നത് നിങ്ങൾ ശരീരമാണ് എന്ന ചിന്തയിൽ നിന്നാണ്.
ശരീരം തീർച്ചയായും കർമ്മങ്ങളുടെ ലോകത്താണു്. സ്വാമി പറയുന്നത് ,കർമ്മങ്ങൾ ചെയ്യുന്നതായി കാണുന്ന ശരീരം നിങ്ങളല്ലെന്നാണ്.
നിങ്ങൾ കാണുന്ന സ്വപ്നത്തിലെ ഒരു കഥാപാത്രമായ ശരീരം നിങ്ങളാകാൻ കഴിയില്ല. അതിനാൽ ശരീരം കർമ്മം ചെയ്യുന്നതായി കണ്ടാലും വെറുതെയിരിക്കുന്നതായി കണ്ടാലും നിങ്ങൾ അതിനു സാക്ഷി മാത്രമാണ്.
അതെപോലെ തന്നെയാണ് മനസ്സും.
മനസ്സിൽ ദു:ഖ ചിന്തകൾ വന്നാൽ നിങ്ങളാണോ ദു:ഖിക്കുന്നത് ? അല്ല; ദു:ഖം വരുന്നത് അറിയുന്ന ആളാണ് നിങ്ങൾ. ദു:ഖത്തിന് സാക്ഷി മാത്രം.
ഇങ്ങനെ സാക്ഷിയായി നില്ക്കുമ്പോഴാണ്, നിങ്ങളുടെ സ്വപ്രകൃതമായ ശാന്തിയിൽ നില്ക്കുവാൻ കഴിയുന്നത്.
വെറുതെയിരിക്കുവാൻ പറഞ്ഞാൽ ശരീരം വെറുതെയിരിക്കുവാനല്ലാ; ഉദ്ദേശിക്കുന്നത്. എല്ലാം ഒരു സ്വപ്നത്തിലെന്ന പോലെ സംഭവിക്കുകയാണെന്നറിഞ്ഞു് അടുത്ത നിമിഷം സംഭവിക്കുവാൻ പോകുന്നതിനെക്കുറിച്ച് ആകുലത ഇല്ലാതെ ഈ നിമിഷത്തിൽ ശാന്തമായിരിക്കുവാനാണ്.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment