അപരിചിതരെ കാണുമ്പോൾ നിങ്ങൾ ആരാണെന്ന് ചോദിയ്ക്കാത്തവർ ആരുമില്ല. എന്നാൽ താനാരാണെന്ന് നമുക്കോരോരുത്തർക്കും അറിയാമോ ?
ഞാൻ ആരാണ് എന്നതിൽ നമുക്കു നല്ല വ്യക്തതയില്ല.
ഉദാഹരണത്തിന്റ് ചില സമയത്ത് നാം 'ഞാൻ കണ്ടു, ഞാൻ കേട്ടു, എന്നെല്ലാം പറയുമ്പോൾ നാം ആ ഇന്ദ്രിയങ്ങളാണെന്നു് തോന്നും.
മറ്റു ചിലപ്പോൾ ശരീരത്തെ മൊത്തത്തിലെടുത്തും ഞാൻ എന്നു പറയാറുണ്ട്. ഞാൻ നടന്നു, ഞാൻ കിടന്നു, ഞാൻ പോയി എന്നെല്ലാം പറയുമ്പോൾ ഞാൻ ശരീരമാണ് .
മറ്റു ചിലപ്പോൾ ഞാൻ ദു:ഖിച്ചു, സന്തോഷിച്ചു, ചിന്തിച്ചു എന്നെല്ലാം പറയുമ്പോൾ നാം മനസ്സായി മാറും.
ശരിയും തെറ്റുമെല്ലാം വിവേചിച്ചറിയുന്നത് ഞാനാണ് എന്നു അവകാശപ്പെടുമ്പോൾ 'ഞാൻ' ബുദ്ധിയാണ്.
അപ്പോൾ ഞാനാരാണ്?
ശരീരമോ? മനസ്സോ? ബുദ്ധിയോ? അതോ അഹങ്കാരമോ? നാം ഇതെല്ലാം കൂടിയതല്ലേ എന്ന് സംശയിക്കുന്നവരുമുണ്ട്.
എന്നാൽ നമ്മുടെ ശാസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന ദൃശ്യ- ദൃക്ക് വിവേകം ഉപയോഗിക്കുമ്പോൾ നാം ഇതൊന്നുമല്ല എന്ന് എളുപ്പം മനസ്സിലാകും. ഞാൻ ആരാണെന്ന് ബുദ്ധി ഉപയോഗിച്ച് അറിയാൻ കഴിയില്ലെങ്കിലും ഞാൻ ആരല്ലായെന്ന് മനസ്സിലാകും.
ഉദാഹരണത്തിനു് ഒരു വസ്തുവിനെ ഞാൻ അറിയുന്നുവെന്നു പറയുമ്പോൾ അത് അറിയപ്പെട്ട വസ്തുവും (Object) ഞാൻ, അറിയുന്ന ആളും (Subject) ആണ്. അറിയുന്ന ആൾക്ക് അറിയപ്പെട്ട വസ്തു ആകുവാൻ കഴിയില്ല. ലോകത്തിൽ, നമ്മുടെ ശരീരമടക്കം , എല്ലാം അറിയപ്പെട്ട വസ്തുക്കളാണ്. ലോകത്തിൽ കാണുന്ന ഒരു സ്ഥൂല രൂപവും ഞാൻ അല്ല. അപ്പോൾ ശരീരം ഞാനല്ലെന്നും ഞാൻ ശരീരത്തെ അറിയുന്ന ആൾ മാത്രമാണെന്നും വ്യക്തമായി. ഞാൻ വെറും സാക്ഷി.
അപ്പോൾ ഞാൻ ശരീരമല്ല.
പിന്നെ ആരാണ്?
മനസ്സാണോ?
എന്താണ് മനസ്സ് ?
ചിന്തകളുടെ കൂട്ടമല്ലാതെ മറ്റൊന്നുമല്ലാ മനസ്സ്.
ഈ ചിന്തകളെയെല്ലാം നാം അറിയുന്നുണ്ടല്ലോ. അപ്പോൾ മനസ്സും അറിയപ്പെട്ടത് (object) തന്നെ. ഞാനോ? അറിയുന്ന ആളും. അപ്പോൾ മനസ്സും ഞാനല്ല.
ബുദ്ധിയോ? ബുദ്ധിയും അഹങ്കാരവുമെല്ലാം അറിയപ്പെട്ടവയാണ്. അവയെയെല്ലാം അറിഞ്ഞു കൊണ്ട് ഞാൻ ' അവക്കെല്ലാം സാക്ഷിയായി നിൽക്കുന്നു.
എല്ലാത്തിനേയും - ശരീരത്തേയും മനസ്സിനേയും ബുദ്ധിയേയും - അറിയുന്നതുകൊണ്ട് ഞാൻ അറിവ് (ബോധം) ആണെന്ന് വ്യക്തമാണ്.
അപ്പോൾ ഞാൻ ശരീരമല്ല, മനസ്സല്ല, ബുദ്ധിയല്ല എന്നു് എപ്പോഴും ഓർക്കണം. ഞാൻ അറിയുന്നതൊന്നും ഞാനാവാൻ തരമില്ല.
അപ്പോൾ ഞാനാരാണ് ?
ഞാൻ ആരല്ലായെന്ന് മനസ്സിലായല്ലോ. ഞാനല്ലാത്തതിനെയെല്ലാം തളളികളഞ്ഞാൽ ഞാൻ എന്താണെന്ന് അനുഭവപ്പെടും. ഇപ്പോൾ ഞാനല്ലാത്തതിനെയെല്ലാം ഞാനെന്നു് കല്പിയ്ക്കുന്നതുകൊണ്ടാണ് എല്ലാ വിഷമങ്ങളും അനുഭവിക്കുന്നത്.
സ്വപ്നത്തിൽ സംഭവിക്കുന്നതും ഇതു തന്നെയാണ്.
നോക്കു...
ഞാൻ രാത്രിയിൽ അടച്ചിട്ട മുറിയിൽ കിടന്നുറങ്ങുകയാണ്. പതുക്കെ ഞാൻ ഒരു സ്വപ്നാനുഭവത്തിലേയ്ക്ക് വഴുതി വീഴുന്നു. ഞാൻ ഒരു കാട്ടിലാണിപ്പോൾ. ഒരു ആന എന്നെ ആക്രമിക്കുവാനായി ഓടി അടുക്കുകയാണ്. ഞാൻ ജീവനുംകൊണ്ട് പായുന്നു. ആന തൊട്ടു പുറകെയും. ആന തുമ്പികൈ കൊണ്ട് എന്നെ പിടിച്ചു എന്നായപ്പോൾ അലറിക്കരഞ്ഞുകൊണ്ട് ഞാൻ ഉണർന്നു.
അപ്പോൾ കാടില്ല. ആനയില്ല. ഞാൻ എന്ന പ്രതീതി സൃഷ്ടിച്ച് ഓടിയിരുന്ന രൂപമില്ല. ആനയുടെ ചിഹ്നം വിളിയില്ല. ഉള്ളത് അടച്ചിട്ട മുറിയിൽ ഉറങ്ങികിടന്നിരുന്ന ഞാൻ മാത്രം.
ഞെട്ടിഉണർന്ന പരിഭ്രമത്തിൽ നിന്നും പതുക്കെ മുക്തി നേടുമ്പോൾ ഒരു നെടുവീർപ്പോടെ ഞാൻ ആശ്വസിക്കുന്നു; ഓ! സ്വപ്നമായിരുന്നു.!
ഈ ഇല്ലാത്ത കാഴ്ചകളെയെല്ലാം ഉണ്ടാക്കി കാണിച്ചത് മനസ്സിന്റെ ഒരു ജാലവിദ്യയായിരുന്നുവെന്നു് എല്ലാവർക്കും അറിയാം.
എന്നാൽ ജാഗ്രത്ത് എന്ന പേരിൽ മനസ്സ് ഇതേ ജാലവിദ്യ കാണിക്കുമ്പോൾ അതെല്ലാം സത്യമെന്ന് ഞാൻ ഭ്രമിക്കുന്നു.
സ്വപ്നത്തിൽ കാടും മരങ്ങളും ആനയും സൃഷ്ടിച്ച മനസ്സ് ജാഗ്രത്തിലും അനേക നാമരൂപങ്ങളെ സൃഷ്ടിച്ചു കാണിക്കുന്നു.
സ്വപ്നത്തിൽ ഞാൻ എന്ന പ്രതീതി സൃഷ്ടിച്ച് ഒരു സൂക്ഷ്മരൂപം ഓടി നടന്നല്ലോ. ആ രൂപം ഞാനാണെന്ന് തെറ്റിദ്ധരിച്ചതുകൊണ്ടല്ലേ സ്വപ്നത്തിലെ ഭയ സംഭ്രമളെല്ലാം ഉണ്ടായത്? ഇപ്പോഴും ഞാൻ എന്ന പ്രതീതി സൃഷ്ടിച്ച് ഒരു നാമരൂപം - നമ്മുടെ ശരീരം - ഈ ജാഗ്രത് സ്വപ്നത്തിൽ ഓടി നടക്കുന്നു. അതിന്റെ പ്രശ്നങ്ങൾ എന്റെ പ്രശ്നങ്ങളായി തെറ്റിദ്ധരിച്ച് ഞാൻ ഭയസംഭ്രമങ്ങൾക്ക് അടിമയാകുന്നു.
ഞാനാകുന്ന അറിവിൽ, സ്വപ്ന സമാനമായി ഉയർന്നു വരുന്ന ഒരു ഭ്രമത്തിലാണ്, ലോകവും അതിൽ കാണപ്പെടുന്ന ഞാനെന്ന് അവകാശപ്പെടുന്ന ശരീരവും മനസ്സും ബുദ്ധിയുമെല്ലാം തെളിയുന്നത്.
അവയെല്ലാം വെറും ഭ്രമം!
അവയെ അറിയുന്ന ഞാൻ മാത്രം സത്യം!
ഈ അറിവുണ്ടാകുമ്പോൾ തന്നെ എല്ലാ ബന്ധവും നമ്മെ വിട്ടൊഴിയും!
ഈ നിമിഷം ശാന്തനും സുഖിയും സ്വതന്ത്രനുമാണെന്നറിയും.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment