Tuesday, 18 October 2016

ബോധവും മനസ്സും ...

        നമ്മുടെ   ലോകാനുഭവങ്ങളെല്ലാം മൂന്നു് അവസ്ഥയിലൊതുങ്ങുന്നു, ജാഗ്രത്(Waked State)   ,സ്വപ്നം  (Dream),സുഷുപ്തി (Deep Sleep ). അവ യഥാക്രമം,  ബോധമനസ്സിനോടും (Consciousness)   ഉപബോധ മനസ്സിനോടും (Sub consciousness) , അബോധമനസ്സിനോടും (Unconsciousness) ബന്ധപ്പെട്ടിരിക്കുന്നു. ഉണർന്നിരിക്കുന്ന അവസ്ഥയിൽ പഞ്ചേന്ദ്രിയങ്ങൾ വഴി ആർജ്ജിക്കുന്നഅറിവാണ്  ജാഗ്രത്തിൽ. അപൂർണ്ണമായ സുഷുപ്തിയിൽ  ഉണ്ടാകുന്നതാണ്   സ്വപ്നം .ആ അവസ്ഥയിലുണ്ടാകുന്ന. അറിവാണ് അത്  ...

ജാഗ്രത്തിലും സ്വപ്നത്തിലും ആർജിക്കുന്ന അനുഭവങ്ങളുടെ, അറിവുകളുടെ  കലവറയാണ്  സുഷുപ്തിയിലുള്ളത്.. .ഇതെല്ലാംഅറിയുന്ന സത്ത ആരാണ് ? ‘ ഞാൻ’ തന്നെ. ജാഗ്രതത്തിൽ അനുനിമിഷം മാറിമറിഞ്ഞുവരുന്ന അനുഭവങ്ങൾ,അറിവുകൾ  അനുഭവിക്കുന്ന ആളിനു്  ‘ഞാൻ’ നു്  ഒരു മാറ്റവുമില്ല.ആ ‘ഞാനെ’ന്ന അറിയുന്ന സത്തയാണ്  ബോധം..ബോധം എന്ന നാമ രൂപം ചിന്താകുഴപ്പമുണ്ടാക്കുന്ന ഒന്നാണ്. ബോധം  ഒരു അമൂർത്തമായ എന്തോ ഒന്ന് എന്നു മാത്രമേ സാധാരണ മനുഷ്യർക്കു ആ വാക്കുകേൾക്കുമ്പോൾ ഉണ്ടാകുകയുള്ളൂ..എന്നാൽ നാമിടെ പറയുന്ന ബോധം  ‘ഞാനെ’ന്ന അറിയുന്നവനും ‘അറിവും’ ഒന്നായസത്തയെയാണ്.

           ഈ  ബോധം തന്നെയാണ്‌ സ്വയം ജീവനായി ഭവിച്ച്‌ മനസ്സാകുന്നതും ,പിന്നീട്‌ ശരീരഭാവമെടുത്ത്‌ അതു മൂര്‍ത്തീകരിക്കുന്നതും. സ്വപ്നം പോലെയുള്ള ഈ മാസ്മരിക ഭ്രമം നീണ്ടുപോവുന്തോറും യാഥാര്‍ത്ഥ്യമാണെന്ന തോന്നലുണ്ടാവുന്നു. അത്‌ സത്തും അസത്തുമകാം.. മനസ്സില്‍ അതിനെ ഭാവന ചെയ്തു കണ്ടതുകൊണ്ട്‌ അതു സത്താണ്‌.. പക്ഷേ സ്വതവേയുള്ള വിരോധാഭാസം കൊണ്ട്     (പ്രത്യക്ഷത്തിൽ വിപരീതമായി കാണുന്നതുകൊണ്ട്)      അതു അസത്തുമാണ്‌.. മനസ്സ്‌ ചേതനയുള്ളതാണ്‌. കാരണം അത്‌ ബോധത്തിലധിഷ്ടിതമാണല്ലോ.  മനസ്സ്‌ ഒന്നിനെപ്പറ്റി ആലോചിക്കുമ്പോളാണ് ആ വസ്തുവിനെ നാം സ്വയം ഗ്രഹിക്കുന്നത്.. ഒരു മാലയുടെ രൂപത്തിൽ  മനസ്സിൽ കാണുമ്പോള്‍ അത്  ഒരു   ആഭരണമാണ്‌.. എന്നാൽ  മൂല്യവത്തായ ഒരു വസ്തുവായി അതിനെ വീക്ഷിക്കുമ്പോൾ അതു സ്വര്‍ണ്ണമാകുന്നു. ആഭരണത്തിലെ  സത്ത സ്വർണ്ണമാണ്.അതുപോലെ തന്നെ ബോധവും .

             ആ ബോധത്തിൻറെ ഒരു രൂപം   തന്നെ മനസ്സ് .ബോധത്തിൽ ഉണ്ടാകുന്ന ചിത്തവൃത്തികൾ ആണ് സങ്കല്പങ്ങൾ. അതാണ് അതിനെ മനസ്സായി രൂപപ്പെടുത്തുന്നത്..ഈ മനസ്സിനു തന്നെ അനന്തമായ ശക്തിയും സാധ്യതകളുമാണുള്ളത്.. ഈ അനന്തസാധ്യതകൾ അന്തര്‍ലീനമാണെങ്കിലും ഈ  സാദ്ധ്യതകൾ അതീവ,  അദൃഷ്ടമായ  നിലയിലാണുള്ളത്‌. മനസ്സിൻറെ അഭൌമമായ കഴിവുകളെ പുരാതനകാലം മുതൽ ഭാരതീയർ പഠിച്ചറിഞ്ഞിട്ടുണ്ട്..ശാസ്ത്രം വളരയേറെ പരീക്ഷിച്ചറിഞ്ഞിട്ടുമുണ്ട്.  എന്നാൽ നമ്മൾക്കു അത് നേരിട്ടു ദൃഷ്ടമല്ല. മനസ്സ് ജീവൻറെ ഭാഗമായ പഞ്ചേന്ദ്രിയ ജന്യമായഅനുഭവങ്ങളാൽ ചഞ്ചലമാണ്.ബോധം അവിടെ അജ്ഞാതമായി കിടക്കുന്നു. ജീവന്റെ ഈ മായാജാലങ്ങളെല്ലാം അവസാനിക്കുമ്പോൾ  മനസ്സ് സാക്ഷാൽ ബോധം തന്നെയായിത്തീരുന്നു. ഇത് വ്യഷ്ടിജീവിതത്തിൽ.

             ഇനി സമഷ്ടിരൂപത്തിൽ ബോധം എന്താണ്..? അതിനു അനന്താവബോധം എന്ന് ഉപനിഷത്തുക്കൾ പറയുന്നു. അനന്താവബോധത്തിൻറെ മായികമായ രൂപമാണ് ഈ അണ്ഢകടാഹമായ അനന്തപ്രപഞ്ചം .ഈ  അനന്താവ ബോധം തന്നെയാണ്‌ സൂക്ഷ്മശരീരമാവുന്നതും  ഭൌതീക രൂപമെടുത്ത്‌ സ്ഥൂലശരീരമാവുന്നതും. വ്യഷ്ടിബോധത്തിന്‌ ജീവാത്മാവ്‌ എന്നു് പറയുമ്പോൾ. സമഷ്ടിബോധത്തിനു് അനന്താവബോധമെന്നുപറയുന്നു. അത്  തേജോമയമായ സൂക്ഷ്മശരീരത്തിലും (കാണാൻ കഴിയാത്തഎന്നർത്ഥം) പ്രപഞ്ചത്തിലെ  എല്ലാ ജഡവസ്തുവിലും അകത്തും പുറത്തും ഒരുപോലെ വ്യാപിച്ചിരിക്കുന്നു. അതാണ് അനന്താവബോധം . അനന്താവബോധം തന്നെ ബ്രഹ്മമെന്നു പറയുന്നതും .’സർവ്വം ബ്രഹ്മമയം’..സർവ്വതും ബ്രഹ്മം തന്നെ.  .ഉപനിഷത്തുകളെല്ലാം ഇതിനെ ഭംഗിയായി വർണ്ണിച്ചിട്ടുണ്ട്..32000 ശ്ലോകങ്ങളിൽക്കൂടി  ഈ ദർശനത്തെ മനോഹരമായി യോഗവാസിഷ്ഠം വിവരിക്കുന്നു..അതിലെ ആദ്യശ്ലോകം തന്നെ നോക്കുക

“ദിവിഭൂമൌ തഥാകാശേ ബഹിരന്തശ്ചമേ വിഭുഃ യോ
വിഭാത്യവഭാസാത്മാ തസ്മൈ സർവ്വാത്മനേ നമഃ”

           ആകാശത്തിലും, ഭൂമിയിലും, അകത്തും ,പുറത്തും, സർവ്വവ്യാപിയായി പ്രകാശിക്കുന്ന ബോധസ്വരൂപമായി വർത്തിക്കുന്ന ബ്രഹ്മത്തിനു നമസ്കാരം …

സ്ഥൂല പ്രപഞ്ചത്തിലും സൂക്ഷ്മപ്രപഞ്ചത്തിലും അതു നിറഞ്ഞു നിൽക്കുന്നു വ്യക്തമായി പറഞ്ഞാൽ  ഈ അനന്താവബോധം തന്നെയാണ് ഈ അണ്ഢകടാഹത്തിൻറെ രൂപത്തിൽ നാം കാണുന്നത്. ‘ഈശാവാസ്യമിദം സർവ്വം’ ...(ഈ സർവ്വതിലും ഈശ്വരൻ വസിക്കുന്നു)എന്നും.’സർവ്വം നിഖിലം ബ്രഹ്മഃ’ (സർവ്വതിലും ബ്രഹ്മം നിറഞ്ഞിരിക്കുന്നു)എന്നും ഉപനിഷത്തുക്കൾ പറയുന്നതിൻറെ അർത്ഥവും  ഇതുതന്നെ...അനന്താവബോധമല്ലാതെ മറ്റൊന്നും വേറെയില്ല..എന്നാണ്...ബോധമില്ലെങ്കിൽ പ്രപഞ്ചമില്ല.ബോധമല്ലാതെ പ്രപഞ്ചത്തിലൊന്നുമില്ല.

              എല്ലാം ബ്രഹ്മം തന്നെയായതു കൊണ്ട്‌ ജഢമെന്നു പറയുന്നതും അതേ അനന്താവബോധം തന്നെ. എന്നില്‍നിന്നു തുടങ്ങി വെറും കല്ലുവരെ ഒന്നിനേയും സചേതനമെന്നോ അചേതനമെന്നോ നിര്‍വ്വചിക്കുക അസാദ്ധ്യം. തികച്ചും വ്യത്യസ്ഥങ്ങളായ രണ്ടു വസ്തുക്കളെപ്പറ്റി ചിന്താക്കുഴപ്പത്തിനോ ആശങ്കക്കോ  സാദ്ധ്യതയില്ല . വിഷയവും വിഷയിയും തമ്മില്‍ സാമ്യമുണ്ടാവുമ്പോള്‍ മാത്രമേ ഏത്‌ ഏതെന്ന സംശയങ്ങള്‍ ഉണ്ടാവുകയുള്ളു. എല്ലാം നിര്‍വ്വചനാതീതമാണെന്നുള്ളതു കൊണ്ട്‌  ജഢം, ചൈതന്യം,(ജീവനുള്ളത്) എന്നൊക്കെയുള്ള വാക്കുകൾ കേവലശബ്ദങ്ങൾ മാത്രം.

         

ബോധം തന്നെയാണ്‌ സൂക്ഷ്മശരീരമാവുന്നതും ഭൌതീകരൂപമെടുത്ത്‌ സ്ഥൂലശരീരമാവുന്നതും.ഈ വ്യക്തിബോധത്തിന്‌ ജീവന്‍ എന്നും ജീവാത്മാവ്‌ എന്നും പറയുന്നു. അതിലും അനന്തസാധ്യതകൾ  അന്തര്‍ലീനമാണെങ്കിലും ആ സാദ്ധ്യതകൾ  അതീവ സൂക്ഷ്മ നിലയിലാണുള്ളത്‌.. എന്നാൽ ജീവന്റെ മായാജാലങ്ങളെല്ലാം അവസാനിക്കുമ്പോൾ അതു തന്നെയാണ്‌ പരമാത്മാവായ ബോധമായി  തിളങ്ങുന്നു. ഉള്ളത് ബോധം മാത്രം.          ജഗത്തെന്ന ഈ അദ്വൈത സത്യത്തിൻറെ,അനന്താവബോധത്തിൻറെ      അഖണ്ഡമായ ഭാഗം മാത്രമാണ്  നമ്മളിലുള്ള ബോധവും.ജീവൻറെ സ്വഭാവമായി ഇന്ദ്രിയദത്തമായ കല്പനകളാൽ ആബോധം മനസ്സിൻറെ രൂപത്തിലകുന്നു..മുൻപറഞ്ഞ ജീവൻറെ  കല്പനകളാൽ മനസ്സായി രണ്ടും രണ്ടായി നാം കാണുന്നവെന്നു ‘.തത് ത്വംഅസി.’.അത് നീതന്നെയാകുന്നുവെന്നു പറയുന്നതും,’അഹംബ്രഹ്മാസ്മി’യെന്നുമൊക്കെ പറയുന്നതും അതുകൊണ്ടുകൊണ്ടു തന്നെ.ആ അനന്താവബോധമാകുന്ന ബ്രഹ്മം .എന്നിൽ കുടികൊള്ളുന്നത് അനന്താവബോധം തന്നെയാകുന്നു..അതേ, ഞാൻ ബ്രഹ്മം തന്നെ.

             ഈ അനന്താവബോധമായ ബ്രഹ്മം സച്ചിതാനന്ദനാണ്. സത് , ചിത്ത്,ആനന്ദം....ഈശ്വരൻ സത്യസ്വരൂപനാണ്..ജ്ഞാനസ്വരൂപനാണ് ,ആനന്ദസ്വരൂപനാണ് എന്നൊക്കെ  ഈശ്വരൻറെ പര്യായമായി പറയുന്നില്ലേ.അതിൻറെ അർത്ഥം ഇതാണ്. സച്ചിദാനന്ദമായ ഈ ബ്രഹ്മസ്വരൂപം അവിരാമം അനസ്യൂതം വികസിച്ചു കൊണ്ടേയിരിക്കുന്നു... കാണാനോ, കേൾക്കാനോ പറയാനോ പറ്റാത്ത അനന്താവബോധം  ഒരു ഇന്ദ്രജാലക്കാരനെപ്പോലെ  ലോകങ്ങളാകുന്ന മായദൃശ്യങ്ങൾ ഉണ്ടാക്കുകയും മറയ്ക്കുകയും ചെയ്തു കൊണ്ടേ ഇരിക്കുന്നു..ഈ  അനന്താവബോധത്തിൻറെ അസ്തിത്വം നാം അറിയുന്നത് ഈ അനന്ത പ്രപഞ്ചത്തിലൂടെയാണ്...അതിനാലാണ്  പറഞ്ഞത് ബോധമുണ്ടോ പ്രപഞ്ചമുണ്ട് ബോധമില്ലേ പ്രപഞ്ചമില്ല..

  ഈ അനന്താവബോധത്തിൻറെ വ്യഷ്ടി രൂപമാണ് നമ്മളിൽ കുടികൊള്ളുന്ന ബോധസ്വരൂപമായ ജീവാത്മാവ് , നമ്മുക്കതിനെ മനസ്സിലാക്കാൻ കഴിയുന്നത് മനസ്സെന്ന രൂപത്തിലാണ്  ..മുൻപറഞ്ഞ ഇന്ദിയനിഷ്ഠമായ കല്പനകൾ വിട്ടുപോകുമ്പോൾ മനസ്സ് സ്വതന്ത്രരൂപത്തിലാകുന്നു.അസ്സൽ ബോധരൂപത്തിലാകുന്നു. മുൻപറഞ്ഞ അനന്താവബോധവും തന്നിൽ കുടികൊള്ളുന്ന ബോധവും ഒന്നാണെന്നു ബോധ്യമാകുന്നു.അതാണ്ആത്യന്തിക ജ്ഞാനം. തുരീയ അവസ്ഥയിലുള്ള ജ്ഞാനം (Supreme Consciousness)  . ഇതാണ് ജ്ഞാനത്തിൻറെ ആത്യന്തികതലം തുരീയം. സുഷുപ്തി, സ്വപ്നം, ബോധം ജ്ഞാനത്തിൻറെ   നാലാമത്തെ അവസ്ഥ-തുരീയം....

       സങ്കല്പബന്ധിതമായ  ആത്മാവബോധത്തിൻറെ രൂപമായ  മനസ്സിൽ നിന്നും ഇന്ദ്രിയനിഷ്ഠമായ കല്പനകളെ  നീക്കിയാൽ ആത്മവബോധവും അനന്താവബോധവും ഒന്നുതന്നെയെന്നു അനുഭവിച്ചറിയും.... സംസാരഭ്രമം വെറും മായ മാത്രമാണെന്ന് അപ്പോൾ അനുഭവിച്ചറിയും....

മങ്ങിയ വെളിച്ചത്തിൽ കണ്ട കയറ് പാമ്പല്ല, കയറാണെന്ന് മനസ്സിലാകും.അതെ, ബോധത്തിൻറെ  നറും വെളിച്ചത്തിൽ യാഥാർത്ഥ്യത്തെ മനസ്സിലാക്കാൻ കഴിയും.കയറ്,സർപ്പം,സർപ്പഭ്രമം എന്ന നിയമപോലെ ബോധം , ദൃശ്യ സങ്കല്പം,  ദൃശ്യഭ്രമം എന്ന ക്രമമാണ് വൃഷ്ടിബോധത്തിൽ.  പ്രപഞ്ചാനുഭവത്തിൽ എപ്പോൾ  ദൃശ്യഭ്രമം മാറുന്നുവോ ,ദൃശ്യ ഭ്രമം മാറുന്നുവോ അപ്പോൾ അനന്താവബോധം മാത്രം അവശേഷിക്കുന്നു.

പ്രപഞ്ചസത്യം വെളിവാകുന്നു.. അനന്താവബോധം മാത്രമേ ഉള്ളൂ എന്നു് അനുഭവസിദ്ധമാകുന്നു. സർവ്വം ബ്രഹ്മമയം എന്ന് അനുഭവിച്ചറിയുന്നു.
     അനന്തമായ  അവിരാമമായ ചിത്തവൃത്തികളാണ് സങ്കല്പങ്ങൾ എന്നു പറഞ്ഞുവല്ലോ. ചിത്തം മനസ്സ് -മനസ്സിൻറെ വൃത്തികൾ....സങ്കല്പങ്ങൾ അവയെ നിരോധിക്കുക അതി കഠിനമായ പ്രവർത്തിയാണ്. 

’യോഗശ്ചിത്തവൃത്തി നിരോധഃ ‘(യോഗമെന്നു പറയുന്നത് ചിത്തവൃത്തി നിരോധമാണെന്ന്  പതഞ്ജലി യോഗസൂത്രത്തിൽ  ആദ്യമേ തന്നെ പറയുന്നുണ്ട്. ചിത്തവൃത്തി നിരോധമായ രാജയോഗം സങ്കല്പത്യാഗത്തിനുള്ള വ്യസ്ഥാപിതമായ , അനുഷ്ഠാനപരമായ മാർഗ്ഗമാണ് .അപ്രകാരം ചിത്തവൃത്തികൾ നിരോധിക്കപ്പെട്ടാൽ ദൃഷ്ടാവായ   വ്യഷ്ടി ബോധവും അനന്താവബോധവും ഒന്നാണ് എന്നു് അനുഭവസിദ്ധമാകും.ആ പരമജ്ഞാനം തന്നെ യോഗം.

         ഈ യോഗം ക്ലിഷ്ട സാദ്ധ്യമാണ് . നമ്മളെപ്പോലെ കുഞ്ഞുങ്ങളും          കളത്രമിത്രാദികളുമായ്  കുടുംബ ജീവിതം നയിച്ചുപോരുന്ന വർക്ക് വളരെ പ്രയാസം തന്നെ.  ഇങ്ങനെയുള്ള സാധാരണക്കാർക്ക് എങ്ങനെ സങ്കല്പത്യാഗം സാധ്യമാക്കി പരമജ്ഞാനം നേടാൻ കഴിയും..? അതിനു പറ്റിയ ഒരു മാർഗ്ഗം ഗീതയിൽ വ്യക്തമാക്കുന്നു...ആദ്യമായി ‘സർവ്വം ബ്രഹ്മമയം’ എന്ന സത്യം ആലോചിച്ച്, പഠിച്ചറിഞ്ഞ്..യുക്തിപൂർവ്വം മനസ്സിലാക്കി മനസ്സിലുറപ്പിക്കുക. ആവർത്തിച്ചുള്ള പഠനം കൊണ്ടും യുക്തിചിന്ത കൊണ്ടും ശക്തവും നിരന്തവുമായ  ധ്യാനം കൊണ്ടും            മനസ്സിലുറച്ചു കഴിഞ്ഞാൽ സർവ്വതും ബ്രഹ്മമാണ് ,അനന്താവബോധമാണ് എന്ന സത്യം ബോധ്യമാകും അപ്രകാരം എല്ലാം ബ്രഹ്മമയമെന്നു്  ഓർത്ത് ഓർത്തു്  മനസ്സിൽ            ഉറപ്പിച്ച വ്യക്തിയ്ക്ക് ജീവിതത്തിലും കർമ്മരംഗത്തും വന്നുചേരുന്ന വിഷമങ്ങളും പ്രതിസന്ധികളും നിഷ്പ്രയാസം തരണം ചെയ്യാം .സന്താപവേളകളും സന്തോഷവേളകളും ,ആപത്തിലും സമ്പത്തിലും മനസ്സിനെ സമ്യക്കായ് പിടിച്ചു നിർത്താൻ  അപ്പോൾ അവനു കഴിവുണ്ടാകും .ദുഃഖങ്ങളിൽ  പിടിവള്ളി    വിട്ടപോകാതിരിക്കാനും സന്തോഷങ്ങളിൽ  മറുകണ്ടം ചാടാതിരിക്കാനും സാധിതമാകുന്നു.. ഇപ്രകാരം ആയവരെയാണ് സ്ഥിതപ്രജ്ഞൻ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്...കൂടാതെ അതീതവും അഭൌമവുമായ കഴിവുകളും ശക്തികളും  (അണിമലഘിമമഹിമാദി  അഷ്ടൈശ്വരസിദ്ധികൾ ഓർക്കുക) അവനു കൈവരുന്നു.....  .നിരന്തരമായ     മനനത്തിൻറെയും ധ്യാനത്തിൻറെയും ഫലമായി പ്രപഞ്ചമനസ്സും സ്വമനസ്സും ഒന്നാണെന്ന പ്രഥമിക ബോധമുണ്ടാകുന്നു. ഈ മഹാപ്രകൃതിയും നാമും ഒന്നാണെന്നുള്ള  ബോധമുണ്ടാകുന്നു. അനന്താവബോധവും ആത്മബോധവും ഒന്നാണെന്നു   പരമാന്ദജ്ഞാനം തുരീയവാസ്ഥയിൽക്കൂടി    അറിയുന്നതിൻറെ തുടക്കമാണ് അത്..അപ്രകാരം ചിരകാലം ചെയ്യപ്പെടുന്ന മനനത്തിൻറെയും ധ്യാനത്തിൻറെയും ഫലമായി  താൻ അനന്താവബോധം തന്നെ (അഹം ബ്രഹ്മാസ്മി) എന്നു തിരിച്ചറിയുന്നു. ഈ മഹാപ്രപഞ്ചത്തിൽ അവിരാമം അനസ്യൂതം വിരാജിക്കുന്ന മഹാശക്തി തന്നെയാണ് എന്നിലും നിന്നിലും കുടികൊള്ളുന്നത് എന്നുള്ള അറിവ് .സ്നേഹത്തിൻറയും സാഹോദര്യത്തിൻറെയും ഒരു പുതിയ അനുഭവം നമ്മുക്കുളവാക്കും.അത്  സമൂഹത്തിലും പ്രതിഫലിക്കും.

**കടപ്പാട്  ഗുരുപരമ്പരയോട്**

1 comment:

  1. ഭാരതമാണു ലോകത്തുതന്നെ ആത്മീയതയുടെ ഈറ്റില്ലമെന്നു പറഞ്ഞിട്ടുണ്ട്. നമ്മുടെ ദീര്‍ഘമായ കാലഗണന മറ്റെങ്ങുമില്ല. ഒരു സൃഷ്ടികാലം നമ്മെ സംബന്ധിച്ചിടത്തോളം യുഗാന്തരങ്ങളുടെ അതിഗംഭീരമായ ഒരു വിസ്തൃതിയാണ്. (കഴിഞ്ഞ ദിവസം കണ്ട ഒരു വാര്‍ത്തയില്‍ 1,45,000 വര്‍ഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെട്ട ഒരു ലോഹവസ്തു കടലിനടിയില്‍ കണ്ടെത്തിയതായി കാണുന്നു. അത് പ്രകൃതിദത്തമല്ല, നിര്‍മ്മിക്കപ്പെട്ടതാണ്. അന്നത്തെ മനുഷ്യന്‍ നിര്‍മ്മിച്ചതാവാം. നമുക്ക് ചെറിയ കാലത്തിന്റെ ചരിത്രമേ കയ്യിലുള്ളൂ. ഇപ്പറഞ്ഞതു പോലെയുള്ള കണ്ടെത്തലുകള്‍ നമ്മുടെ കാലഗണന ശരിയാണെന്ന തോന്നല്‍ ഏറെക്കുറെ സ്ഥിരീകരിക്കുന്നുണ്ട്. മറ്റൊന്ന് : നമ്മുടെ സനാതനധര്‍മ്മത്തിന്റെ പ്രകൃതി സൗഹൃദരീതികളും സമ്പൂര്‍ണതയും അനന്യമാണ്.
    പിന്നെ ആര്‍ഷപൈതൃകമായി നമുക്ക് കിട്ടിയിട്ടുള്ള ജീവപരിണാമശാസ്ത്രം. (‘പുനരപി മരണം പുനരപി ജനനം / പുനരപി ജനനീ ജഠരേ ശയനം / ഇഹ സംസാരേ ബഹുദുസ്താരേ . . . എന്ന് ശങ്കരാചാര്യന്‍ ). പുഴു പൂമ്പാറ്റയാവുന്ന പോലെ ജനിമൃതിചക്രങ്ങളിലൂടെ പരിണമിച്ച് മുക്തിയുടെ നൈര്‍മ്മല്യത്തിലേയ്ക്ക്, പൂര്‍ത്തീകരണത്തിലേക്ക് കൊണ്ടുപോകുന്ന ഒരു വ്യവസ്ഥ പ്രകൃതിയില്‍ സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നുതന്നെയാണു ഗുരുവിന്റെ വഴിയില്‍ വന്നതിനു ശേഷം ബോധ്യപ്പെട്ടിരിക്കുന്നത്. ഭാരതത്തിന്റെ ആത്മീയത വരും കാലങ്ങളില്‍ ലോകത്തിനു വഴികാട്ടുമെന്നു ഗുരു പറഞ്ഞിട്ടുണ്ട്. ഗുരുവാക്ക് സത്യമാകുമെന്ന് വിശ്വസിക്കുന്നു.

    ReplyDelete